ഇളയമോൾ ഗൗരീടെ ഓൺലൈൻ ക്ലാസ് നടന്നോണ്ടിരിക്കവേയാണ് താഴത്തെ നിലയിലെ മിസിസ് പട്ടേൽ കേറി വന്നത്.
“ഹായ് …സിന്ധു , തമ കേംചോ ? എന്ന് ഗുജറാത്തി അഭിവാദനം നടത്തി അവർ അകത്തേയ്ക്കാഞ്ഞപ്പോഴാണ്. അതുവരെ ഉറക്കം തുങ്ങി , എന്റേ കൈയ്യീന്ന് നുള്ളും കൊണ്ട് പഠിച്ചോണ്ടിരുന്ന ഗൗരി , അവർടെ തല വെട്ടം കണ്ടതും തന്റെ പഠിത്തത്തിന്റെ , വിഷയ പ്രാവീണ്യത്തിന്റെ അതി ഗംഭീര പ്രകടനം കാഴ്ചവച്ചത്.
നോക്കുമ്പോ അന്താക്രാന്താ മന ക്രാന്താ.. മോഡിൽ വാ പൊളിച്ചു നിൽക്കുന്നു മിസിസ് പട്ടേൽ .
സത്യത്തിൽ ഞാനും വാപൊളിച്ചു കൊണ്ട് നിന്നു പോയി.
അടുത്ത നിമിഷം
മിസിസ് പട്ടേൽ ശ്…ശൂ…. എന്നാക്കി ചുണ്ടുവിരൽ ചുണ്ടത്ത് വെച്ച് എന്റെ കൈയ്യേപ്പിടിച്ച് വലിച്ച് സ്പീഡിന് പുറത്തേക്കിറങ്ങി.
“ആഹാ… കൊള്ളാല്ലാ … തീവണ്ടി … ഞാനേ പണ്ടങ്ങാണ്ടെ തീവണ്ടി കളിച്ച ഓർമ്മ ഒള്ളേ… എങ്കിലും ദിപ്പ വരാം ന്നു പറഞ്ഞ് നൈറ്റി മടക്കി കുത്തി , ങ്ങാ… വണ്ടി പോട്ടേയ്… ന്നു പറഞ്ഞ് ….ഞാനും ചുണ്ടത്ത് വിരൽ വച്ച് കുച്ച് …. കുച്ച്… കുച്ച്…. തീവണ്ടി ന്നും പറഞ്ഞ് അവർടെ കൈയ്യേന്ന് പിടിവിടാതെ മിസിസ് . പട്ടേലിന്റെ പിറകെ പാഞ്ഞു.
വീട്ടിനു വെളീലിറങ്ങീടും എന്റെ കുച്ചു… കുച്ചും…തുള്ളലും നിക്കാത്തത് കണ്ടമ്പരന്ന പട്ടേൽ എന്റെ കൈ വിടുവിച്ച് ” ക്യാ.. കുച്ച്… കുച്ച്… ങാ …”😲 എന്നങ്കലാപ്പിൽ ചോദിച്ചു. പണി പാളിയെന്ന് മനസിലായ ഞാൻ കുച്ച്… കുച്ച്… ഹോത്താ .. ഹെ ..ന്ന് പറഞ്ഞ് ഷാരൂഖാനെപ്പോലെ കൈയും വിരിച്ച് കോഴി കുഞ്ഞിനെ ഫോക്കസ് ചെയ്യുന്ന പരുന്തിനെ പോലെയവരെ നോക്കി.
എന്നിട്ട് l love sharukh khan എന്ന ഡയലോഗ് വിട്ട് തടിതപ്പി.. എന്നേക്കാട്ടിലും അര ഔൺസ് കിറുക്ക് മിസിസ്. പട്ടേലിന് പണ്ടേ ഉള്ളോണ്ട് ഞാൻ രക്ഷപെട്ടു.
അല്ലേ, അവർ അപ്പത്തന്നെ 911 വിളിച്ച് ഒരു വെള്ള വണ്ടി വരുത്തി എന്നെ അതിൽ പറഞ്ഞു വിട്ടേനെ..
പക്ഷേ പകരം l like him എന്ന മറു കൃതി പറഞ്ഞ് ഞാൻ നിന്നേനെക്കാളും അൽപ്പം കൂടി ചിറക് വിടർത്തി അവരും നിന്നു.
പിന്നെ ചിരിച്ചു കൊണ്ട് , എന്നോട് സംസാരിക്കുമ്പോ ളത്രയും മിസിസ് പട്ടേൽ ആനന്ദപുളകിത ചിത്തയ കാറുണ്ടെന്ന കോബ്ലിമെന്റ് എനിക്ക് നൽകിയവർ പിന്നെയും ഉറക്കെ ചിരിച്ചു. “
എനിക്കൊരു പോസ്റ്റിനുള്ള വകയും ” എന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ട് അവർക്ക് ഒരു കമ്പനിയ്ക്കായി ബാലേ നൃത്തനാടകത്തിലെ പൂതന ചിരിക്കും പോലെ മ്ഹ…ഹ… എന്ന് ഞാനും ചിരിച്ചു.
ഒടുക്കം അവർ കാര്യത്തിലേക്ക് കടന്നു. ഞാൻ പിള്ളരെ പഠിപ്പിക്കും എന്ന് താഴത്തെ പ്രഭച്ചേച്ചി പറഞ്ഞറിഞ്ഞ് ഒരഭിപ്രായം ചോദിക്കാൻ വന്നതാണ്. (അവർടെ +2 ൽ പഠിക്കുന്ന കൊച്ചിന് ട്യൂഷനെടുക്കുന്നുണ്ട് )
മിസിസ്. പട്ടേലിന് രണ്ട് കുട്ടികളാണ് രണ്ടിലും മൂന്നിലും പഠിക്കുന്നു. അതുങ്ങൾക്ക് ട്യൂഷൻ ടീച്ചറെ വയ്കുന്ന കാര്യമാണ് വിഷയം.
എന്റെ അഭിപ്രായമല്ലേ ചോദിച്ചത് സംഗതി മൊത്തത്തിൽ കേക്കുന്നേന് മുന്നേ തന്നെ
ഞാൻ അത് നഖശിഖാന്തം എതിർത്തു.
ഞാൻ : “മിസിസ് . പട്ടേൽ നിങ്ങളൊരിക്കലും ഈ കുരുന്നുകളെ ഒരു ട്യൂഷൻ ടീച്ചറെ കൊണ്ട് പഠിപ്പിക്കരുത്. ഈ പ്രായത്തിൽ നമ്മൾ കൂടെയിരുന്ന് വേണം പഠിപ്പിക്കാൻ… “
മിസി. പട്ടേൽ: “ഹല്ല … ഞാനേ.. ഞാൻ പറഞ്ഞു വന്നത്…”
ഞാൻ : “നിങ്ങളൊന്നും പണയണ്ട , നമുടെ ഉത്തരവാദിത്ത്വങ്ങളിൽ നിന്നും ഒരിക്കലും ഒഴിഞ്ഞ് മാറരുത് പട്ടേൽ … മാറരുത്..”
മിസി. പട്ടേൽ: “എനിക്കേ .. ഇപ്പഴേ പറയാനുള്ളതെന്താന്നുവച്ചാലേ … ” ( സുരാജ് വെഞ്ഞാറമൂട് കൂടിയൻ റോളിൽ ടയറിൽ കുടുങ്ങീട്ട് നിന്ന് പറയുന്ന ടോണിൽ )
ഞാൻ : ( അവരെ മുഴുമിപ്പിക്കാനനുവദിക്കാതെ ) നോക്കൂ… കുട്ടികൾടെ personality development വളരുന്ന സമയമാണീ പ്രായം മുതൽ .. അതുങ്ങളെ ശ്രദ്ധിക്കാതിരിക്കരുത്.. അസംബന്ധമരുത് പുത നേ… Sorry മിസിസ്: പട്ടേൽ അരുത്…
(ഞാനാണേ ബാലേയിലെ കംസന്റെ ടോണിലും).
ഒടുക്കം മിസിസ്. പട്ടേലിന്റെ വായിന്ന് നുരയും പതയും വന്നവർ പോയി.
ഞാനാണേ കംസന്റെ റോൾ വിടാതെ തന്നെ ആ ശംബ്ദ ഗാംഭീര്യം നിലനിർത്തി പഠിച്ചു കൊണ്ടിരുന്ന ഗൗരിയെ നോക്കി..
ഹും… പഠിക്കെടീ…. അനങ്ങാണ്ടിരുന്ന് ::.. എന്നമറി.. രണ്ട് കുത്തും, കോമയുമിട്ടു…
അഞ്ചു മിനിട്ടു കഴിഞ്ഞപ്പോ പ്രഭ ചേച്ചീടെ ഫോൺ
“നീയെന്ത് പണിയാ കാണിച്ചേ , നീ ട്യൂഷനെടുക്കുമെന്ന് വിചാരിച്ചാ മിസിസ്. പട്ടേലിനെ അങ്ങോട്ട് പറഞ്ഞ് വിട്ടത്. മണിക്കുറിന് മുന്നൂറ് വെച്ച് ഓരോ പിള്ളർക്കും ഫീസും അവർ തന്നേനെ..നിന്റടുത്ത് വന്ന അവർടെ കിളി പോയി ന്നു പറഞ്ഞാ മതിയല്ലോ! നീയെന്ത് പറഞ്ഞാ അവരെ പറഞ്ഞ് വിട്ടത്, ഛെ … കഷ്ടായി … “
ഞാനെന്തേലും ചോദിക്കുന്നേന് മുമ്പേ ചേച്ചി ഫോൺ വച്ചു.
എന്റെയവസ്ഥ അവർണ്ണനീയം.🥺
അൽപ്പം കഴിഞ്ഞ് ഞാൻ മിസിസ്. പട്ടേലിന് ഫോൺ ചെയ്തു.
ഞാൻ: അലോ…. അലോ…. ഞാനേ… ഒരു കാര്യം പറയട്ടെ… നേരത്തെ പറഞ്ഞില്ലേ, ട്യൂഷനേ … ട്യൂഷൻ… വേണോങ്കി ഞാൻ… തന്നെ… അത്… (സുരാജ് ചേട്ടന്റെ കുടിയന്റെ ശബ്ദം ഇപ്പോ എനിക്കായ പോലെ )
പക്ഷേ മറുവശത്ത് നിന്ന് ബ്ധിം എന്നൊരു ശബ്ദവും കൂടെ ഒരു ബീപ്…. ശബ്ദവും മാത്രം.. അത് കേട്ട മാത്രയിൽ ഞാൻ പറഞ്ഞത് മുഴുമിപ്പിക്കാതെ ഫോൺ കട്ടു ചെയ്തു.
എന്താ കഥ …ശിവ…ശിവ..

By ivayana