രചന : വിദ്യ സുരേഷ് ✍️
എന്റെ ജനലിൽ
കാലങ്ങളായി ഒരു മേഘം വന്നു നിൽക്കാറുണ്ടായിരുന്നു..
മഴ പെയ്യാതെ,
തിരിച്ചുപോകാതെയും.
അതിന്റെ നിഴൽ
മുറിക്കുള്ളിലെ ചുമരുകളിൽ
പതിഞ്ഞുകിടന്നത്
ഞാൻ വെളിച്ചത്തിന്റെ കുറവെന്ന്
പറഞ്ഞു വിശ്വസിച്ചു.
ഒരു ദിവസം
മേഘത്തിന്റെ അരികിൽ
ചെറിയൊരു ആകാശക്കീറു കണ്ടു;
എങ്കിലും
കണ്ണുകൾ തിരിച്ചു.
കാരണം,
ചില മഴകൾ
മേൽക്കൂരയ്ക്കുള്ളിലാണ്
പെയ്യുക..
അത് കൊണ്ടുവന്ന കാറ്റിൽ
എന്റെ അടച്ചിട്ട വാതിലുകൾ
അകത്തുനിന്ന് വിറച്ചിരുന്നു—
പക്ഷേ,
അത് കാറ്റിന്റെ സ്വഭാവമെന്ന്
ഞാൻ ജനലുകളോട് പറഞ്ഞു.
അതിന്റെ മൗനം
എന്റെ നിശ്ശബ്ദതയുടെ
ഏറ്റവും ആഴക്കിണറ്റിൽ
വീണ ഒരു കല്ലായിരുന്നു;
ശബ്ദമൊന്നും കേട്ടില്ലെങ്കിലും
തിരകൾ
എന്നിൽ ഏറെ ദൂരം സഞ്ചരിച്ചു.
ഒടുവിൽ
മേഘം മാറിപ്പോയി.
ആകാശം തെളിഞ്ഞപ്പോൾ
എനിക്ക് മനസ്സിലായി—
അത് മഴ ചോദിച്ചിരുന്നില്ല,
എന്റെ വരണ്ട മണ്ണിൽ
ഒരു തുള്ളിയ്ക്കുള്ള ഇടം മാത്രം.
പക്ഷേ,
വിത്തുകൾ മുളയ്ക്കുമെന്ന
ഭയത്തിൽ
ഞാൻ വയലിനെ തന്നെ
മരുഭൂമിയെന്ന് വിളിച്ചു.
ഇന്നും
ചില സന്ധ്യകളിൽ
ജനൽ തുറക്കുമ്പോൾ
മഴയുടെ ഗന്ധം വരും.
അപ്പോൾ ഞാൻ
ആകാശത്തോട് ഒന്നും ചോദിക്കാറില്ല.
കാരണം,
ഒരിക്കൽ
മഴയെ തിരിച്ചറിഞ്ഞിട്ടും
മഴയല്ലെന്ന് നടിച്ചവൾക്കു
പിന്നീട്
നനഞ്ഞ മണ്ണിന്റെ മണം പോലും
ഒരു കുറ്റസമ്മതം പോലെയാണ്.
