രേഖ വൈക്കത്തു നിന്ന് എറണാകുളത്തേക്കുള്ള ബസിൽ കയറി. കെ എസ് ആർ ടി സി. ബസ് ആണ്. ആളുകൾ നന്നേ കുറവ്. എങ്കിലും ഒരു സീറ്റിൽ ഒരാൾ വീതം ഉണ്ടെന്നു പറയാം.

യാത്രക്കാർ എല്ലാവരും മാസ്ക് ധരിച്ചു സാമൂഹിക അകലം പാലിച്ചാണ് ഇരിക്കുന്നത്. ആരുടേയും മുഖം വ്യക്തമല്ല. രേഖ ബസിലെ യാത്രക്കാരെ ആകെ ഒന്നു നോക്കി മാസ്ക് ധരിച്ചു എല്ലാവരും ഇരിക്കുന്നെങ്കിലും ആരുടേയും കണ്ണുകളിൽ ഒരു തെളിച്ചവും ഇല്ല
പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്നറിയാനും കഴിയില്ല..

കിഴക്കു നിന്നും ഇളം വെയിൽ മുഖത്തുവീഴുന്നു. രേഖയിൽ അതു അസ്വസ്ഥത ഉണ്ടാക്കി. എന്നാൽ ഷട്ടർ താഴ്ത്തി ഇപ്പോൾ യാത്ര ചെയ്യാൻ നിയമം അനുശാസിക്കാത്തതിനാൽ രേഖ വെയിൽനാളങ്ങൾ അസഹ്യതയോടെ ഏറ്റുവാങ്ങി.
പറഞ്ഞില്ലല്ലോ രേഖ ഒരു സ്കൂൾ ടീച്ചർ ആണ് രാവിലെ വൈക്കത്തു നിന്നും എറണാകുളത്തുള്ള സ്കൂളിലേക്ക് പോകുകയാണ്. സമയം പത്തു കഴിഞു. കൊറോണ അല്ലേ വൈകി പോയാൽ മതിയാകും..

(ആവോ എനിക്കറിയില്ല. കൊറോണ അങ്ങനെ ചില ഇളവുകൾ നല്കിയിട്ടുണ്ടല്ലോ )

ബസ് പുറപ്പെട്ടു.
പൂത്തോട്ട കഴിഞ്ഞപ്പോൾ രേഖ ടീച്ചേർക്കു ഒരു ഫോൺ കാൾ വന്നു
ഹെലോ…
അതേ രശ്മി ടീച്ചറെ
ഓ. ഞാൻ പോകുന്നതേയുള്ളു
പിന്നെ താമസിച്ചൊന്നും ഇല്ല
അവിടെ പോയി വേറെ പണിയൊന്നും ഇല്ലാലോ..
വീട്ടിലാണെങ്കിൽ ഒരു നൂറു കൂട്ടം പണിയുണ്ട്..
അതേന്നെ.. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്കൂളിൽ ചെല്ലണം എന്ന് എച്ചെമ്മീന് ഒരേ നിർബന്ധം.
രശ്മി ടീച്ചർക്ക്‌ എന്തു സുഖമാ..
നിങ്ങൾ മാസത്തിൽ ഒരു തവണയല്ലേ പോകുന്നെ..
ഇല്ല ടീച്ചറെ ഞങ്ങൾ പോയി ഒരു മണിക്കൂർ ഇരിക്കും..
ഓ പേരന്റ്സ് ആരും വരാറില്ലന്നേ…
അവര് വന്നിട്ട് എന്നാ ചെയ്യാനാ..
പിന്നെ സ്കൂളിൽ ആരെങ്കിലും ഒരാൾ വേണ്ടേ..
അതുകൊണ്ട് ഞങ്ങൾ ഓരോരുത്തർ അഡ്ജസ്റ്റ് ചെയ്തു പത്തു ദിവസത്തിൽ ഒരിക്കൽ പോകും..

ഓ അതൊക്കെ പിള്ളേർ ഓൺലൈൻ ക്ലാസ്സ് നോക്കി പഠിച്ചോളും..
ശോ, ഇനി സ്കൂൾ തുറക്കുന്ന കാര്യം ഓർക്കുമ്പോളാ…
ഇപ്പോൾ ഇതുമായങ്ങു സെറ്റായി അല്ലേ..
ഓ ചോറൊന്നും എടുത്തില്ല..
അതു വീട്ടിൽ ചെന്നിട്ടു കഴിക്കും.. ഇപ്പോൾ തന്നെ പോരും..
പിന്നെ ഒന്നു ചെന്നിട്ട് പോരണം അത്ര തന്നെ…
എന്നാൽ ശരി രശ്മി ടീച്ചറെ..
പിന്നെ വിളിക്കാം

ബസിൽ ആയതു കൊണ്ട് ഒന്നും തിരിയുന്നില്ല…….
പിറ്റേന്ന് രേഖ ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിലെ ഹെഡ് മാസ്റ്റർക്ക് എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും ഡി ഡി യുടെ ഒരു മെമ്മോ കിട്ടി..

ഉടൻ തന്നെ എല്ലാ സ്കൂൾ രേഖകളും ആയി ഓഫീസിൽ എത്താൻ..
ബസിൽ മാസ്ക് വച്ച് സഞ്ചരിച്ച ഒരു യാത്രക്കാരൻ ഡി ഡി ആയിരുന്നു..

കൊറോണക്കാലത്തെ ഓരോരോ കളികളെ .
രേഖ ടീച്ചറെ തെറ്റുപറയാൻ പറ്റുമോ..
ഇതിപ്പോൾ സ്കൂളിൽ പോയതാണോ തെറ്റ്, ബസിൽഇരുന്നു ഫോൺ വിളിച്ചതാണോ തെറ്റ്, അതോ ആരെയെങ്കിലും ഇകഴ്ത്തി സംസാരിച്ചതാണോ തെറ്റ്.

എന്തായാലും സ്കൂളുകളിൽ അധ്യാപകർ എല്ലാവരും എത്താറില്ല എന്നത് വാസ്തവം. ക്ലാസുകൾ ഓൺലൈൻ ആണെല്ലോ.

സുനു വിജയൻ

By ivayana