വൃണപ്പെടുത്തുന്ന
അക്ഷരബീജങ്ങളിൽ
വേദനിപ്പിച്ചും ഒരേ സമയം
സ്വയം വേദനിച്ചും
എനിക്കു ചുറ്റും നിറഞ്ഞ
സ്നേഹവലയത്തെ
മനസിന്റെ അന്ധകാരംകൊണ്ട്
മൂടിവെച്ചിട്ടും
ഓങ്കാര ശ്രുതിക്കേട്ടാലുണരുന്ന
അലസ മയക്കവും
പിന്നെപ്പലവുരു തഴുകിപോകുന്ന
മഞ്ഞു പുതച്ച തെന്നലായും
ഇടക്കെപ്പോഴോ ഉരുവാകുന്ന
ശൂന്യതയിൽ മുളപൊട്ടിയ വിരഹമായും
പോകെപ്പോകെ ആഴമേറുന്ന
കാത്തിരുപ്പുകളും
ദീർഘമായ ഘടികാര ശബ്ദവും
നോവിന്റെ ചൂളം
വിളികളുയിരുന്ന ഹൃദയതാളവും
കടക്കണ്ണിലെ നീർതിളക്കവും
ഹൃദ്തടത്തിലൊരു മുറിപ്പാടായി
ഇറ്റിറ്റു വീഴുന്ന സ്നേഹത്തുള്ളികളാൽ
നീറുന്ന ഉണങ്ങാത്ത മുറിപ്പാടുകൾ..
നീ പെയ്യാൻ വെമ്പുന്നൊരു
മഴമേഘമാകയാൽ
ഓടിയോളിക്കുന്ന തെന്നലായ് ഞാനും
പിന്നെയെപ്പോഴോ പെയ്യാൻ മടിക്കുമ്പോൾ
വെറുതെ പിടയുന്ന വേഴാമ്പലായും
അക്ഷരങ്ങൾക്കന്യമായും
ചിലനേരം വിധേയപ്പെട്ടും
പലനേരം വഴുതി മാറിയും
എന്നാകാശക്കീറിനു കീഴെ
പാറുന്നൊരു അപ്പുപ്പൻതാടിയായ്
മടിത്തട്ടിൽ മയങ്ങുന്ന
മഞ്ഞു തുള്ളിയായ്
നീയും നിന്റെ പ്രണയവും
എന്നിലിന്നും…..
⚜️ നിഹ ⚜️