മഴയത്തു തുള്ളിക്കളിച്ചതാര്
മഴവെള്ളം കണ്ടു മദിച്ചതാര്
മഴവില്ലു കാണാൻ കൊതിച്ചതാര്
മഴവില്ലു കണ്ടു രസിച്ചതാര്
മഞ്ഞത്തു തീ കാഞ്ഞിരുന്നതാര്
മഞ്ഞണിപ്പുല്ലിൽ നടന്നതാര്
അമ്മയ്ക്കു പിന്നിലൊളിച്ചതാര്
അമ്മിഞ്ഞ തൊട്ടു കളിച്ചതാര്
പൂച്ചയ്ക്കു പിന്നാലെ പാഞ്ഞതാര്
നായയെക്കണ്ടു കരഞ്ഞതാര്
തുമ്പപ്പൂ തേടി നടന്നതാര്
പൊന്നോണപ്പൂക്കളമിട്ടതാര്
തുള്ളിക്കളിച്ചു നടന്നതാര്
തൂശനിലയിൽ കഴിച്ചതാര്
കൊഞ്ചിക്കുഴഞ്ഞു നിന്നതാര്
കൊച്ചീണപ്പാട്ടുകൾ പാടീതാര്
മൂടിപ്പുതച്ചു കിടന്നതാര്
മടി പിടിച്ചങ്ങനിരുന്നതാര്
പഞ്ചാര കവർന്നു തിന്നതാര്
തഞ്ചത്തിൽ കാണാതൊളിച്ചതാര്
വേനലിൽ വിയർത്തു കളിച്ചതാര്
ചേറും മണലുമായ് വന്നതാര്
ആരെന്ന കള്ളച്ചിരിയുമായ്
അറിയാത്ത ഭാവത്തിൽ നില്പതാര് ?

By ivayana