(ഇതിലെ ബിംബങ്ങളെല്ലാം ചേച്ചിയുടേത് മാത്രം. വാക്കുകൾക്ക് മാറ്റം വന്നിട്ടുണ്ടാവാം.)

ഒരു രാത്രിമഴ പെയ്തൊഴിഞ്ഞപോലെ
നിൽപ്പാണുമലയാണ്മ മൂകം
വെട്ടേറ്റുവീണമരവും
കാട്ടിലെക്കൂട്ടിൽ മരിച്ചോരുപക്ഷിയും
തേങ്ങുന്നു ഹൃദയാന്തരത്തിൽ

വഴിവക്കിൽ നിൽപ്പാണനാഥയാം പെങ്കൊച്ച്
കീറിപ്പറിഞ്ഞ പാവാടചുറ്റി
സ്വയംവിറ്റ് പണ്ടീമണ്ണിൽമറഞ്ഞതാം
അമ്മ വരുന്നതും കാത്ത്
നാണമില്ലാത്തോരു മാനവൻ കൈനീട്ടി-
യെത്തിപ്പിടിക്കാൻ ശ്രമിക്കും
ചന്ദ്രതാരങ്ങളെനോക്കി
പശിയുടെയഗ്നി വയറ്റിലേന്തി
നാളത്തെ പാതിരാപേക്കിനാവിൽ
കാമാർത്തർക്കാഹാരമാകാൻ

അമ്മയില്ലാത്തോരു ലോകം
അച്ഛനില്ലാത്തോരു ലോകം
രാത്രിമഴ തീർന്നുവെന്നാലും
കണ്ണീർതുടക്കുന്നലോകം
ഇനി ചോദിക്കാനാരുമില്ലാതെ
ഒരു ചേച്ചിവിരമിച്ച ലോകം

രാത്രി മലയിടിഞ്ഞത്രെ
മണ്ണിൽമറഞ്ഞ കുടിലും
വീണമരവുമൊടിഞ്ഞ മുളന്തണ്ടും
ചോദിപ്പു “കൃഷ്ണാ നീയിന്നെവിടെ?
കേഴുന്ന ഞങ്ങളെ അറികയില്ലെ?”

മാനവും നോക്കിക്കിടപ്പാണരികത്ത്
മലയാളം പാടിയ കാട്ടുപക്ഷി
സുഗതയെന്നെല്ലാരും വാനോളംവാഴ്ത്തിയ
പ്രകൃതിക്കുപ്രിയയാകുമെൻറ ചേച്ചി

ചിറകുകരിഞ്ഞാലുമഗ്നിനാളങ്ങളെ
അവിരാമം പ്രണയിക്കും ശലഭംപോലെ
ഹൃദയമില്ലാത്തൊരു തെക്കൻകൊടുങ്കാറ്റി-
നിതളെല്ലാം ഹോമിക്കും പൂവുപോലെ
അനന്തമായ് നീളുമപാരതയിൽ
അനുരക്തയായോരു രാഗിണിയായ്
കണ്ഠം തുറന്നുപാടിച്ചിറകറ്റ്
മണ്ണിൽപ്പതിച്ചോരു വാനമ്പാടി
സുഗതാത്മഗാനങ്ങളനവരതം പാടി
അമരയായ് വിരമിച്ച കാവ്യഗായത്രി

ഗായത്രിമന്ത്രം ജപിക്കൂ
ചേച്ചി വിഭാവനം ചെയ്ത
ലോകങ്ങൾ പൂത്തുലയട്ടെ
താരാപഥങ്ങളെപ്പോലെ.

By ivayana