പൂത്തിലഞ്ഞിച്ചോട്ടിൽ ഞങ്ങൾ
പുള്ളിക്കുടിൽ കെട്ടി
കൊച്ചു ചുള്ളികൾ നിരത്തി
പുള്ളിക്കുടിൽ കെട്ടി
പച്ചിലകൾ കൊച്ചു പൂക്കൾ
ചുട്ടികളായ് കുത്തി
ചുള്ളിക്കുടിൽ ഞങ്ങളൊരു
പുള്ളിക്കുടിലാക്കി
ചന്തമേറും പൂങ്കുലകൾ
നാലു ചുറ്റും തൂക്കി
കൊച്ചു തെങ്ങിൻ കുരുത്തോല
തോരണമായ് തൂക്കി
പ്ലാവിലകൾ ചേർത്തു കുത്തി
കിരീടങ്ങൾ ചൂടി
കൊച്ചു രാജകൊട്ടാരത്തിൽ
ഞങ്ങളങ്ങു വാണു
ഉതിരു മിലഞ്ഞിപ്പൂക്കൾ
പരിമളം തൂകി
പിന്നെയവ കോർത്തു ചാർത്തി
ഇലഞ്ഞിപ്പൂമാല
സ്വർണ്ണവർണ്ണ മാർന്നിലഞ്ഞി-
പ്പഴങ്ങൾ പെറുക്കി
വിഭവങ്ങളാക്കി ഞങ്ങൾ
നല്ല സദ്യയുണ്ടു
നാട്ടിലൊരു സ്വർഗ്ഗം തീർത്തു
പൂത്തിലഞ്ഞിച്ചോട്ടിൽ
തുള്ളിപ്പെയ്യും മഴ പോലെ
തുള്ളിച്ചാടി നിന്നു !

By ivayana