വെളുക്കെ ചിരിച്ചു
വേഗം നടക്കുന്ന
പ്രിയ സ്നേഹിതൻ
അപ്പൻ
പക്ഷെ,
ജീവിതത്തിൽ എവിടെയും
വേഗത്തിൽ ആയിരുന്നില്ല.

തനിക്കുവേണ്ടി
ഒന്നും യഥാസമയം
യഥാവിധി
ചെയ്യാതിരുന്നതിനാൽ
എന്തിനും എവിടെയും
അപ്പൻ പുറകിലായിരുന്നു.

കാലം
കലിതുള്ളി
കണക്കുതീർക്കുമ്പോഴും
സമയം ആർക്കുവേണ്ടിയും
കാത്തുനിൽക്കാതെ പായുമ്പോഴും

സ്വസ്ഥം സുഖം
ഒന്നുമറിയാത്തവനെപോലെ
അപ്പൻ
എല്ലാം അറിഞ്ഞും
വൈകികൊണ്ടിരുന്നു
ചിരിച്ചുകൊണ്ടും.!

ജീവിതം കുടിച്ചു വറ്റിയ മനസ്സിൽ
കടൽ ഒഴുകിയെത്തുമ്പോൾ
വീർപ്പുമുട്ടി
അപ്പൻ
ആകാശത്തോളം ഉയരുമായിരുന്നു.

ഉറക്കം മരിക്കുന്ന രാത്രികളിൽ
ചുമരിൽ തൂങ്ങുന്ന
ക്ളോക്കിന്റെ സൂചിയിൽ തൂങ്ങി
അപ്പൻ
സമയത്തെ പിടിച്ച് കെട്ടാറുണ്ടായിരുന്നു.

അറിവിൽ
എന്നും കേമനായിരുന്നതിനാൽ
അപ്പന് അറിയാത്ത കാര്യങ്ങൾ
ഉണ്ടായിരുന്നുവോ എന്നറിയില്ല

എന്നും എപ്പോഴും
നന്മയായ അപ്പൻ
ദുരിത കണ്ണുകളിൽ
കനിവായ് പെയ്യുന്ന അപ്പൻ
പാവങ്ങളുടെ അപ്പേട്ടനാണ്.

ഒരിക്കൽ,
ഒഴുക്കിൽ പെട്ട അപ്പാപ്പനേയും
അമ്മാമ്മയേയും
അവരുടെ ആട്ടിൻകുട്ടിയേയും
അപ്പൻ രക്ഷപെടുത്തി
കരയ്‌ക്കെത്തിച്ചു;
അന്നുമുതൽ നാട്ടിലെല്ലാവർക്കും
അപ്പൻ പ്രിയപ്പെട്ടവനായി.

അങ്ങനെ,
എല്ലാവർക്കും പ്രിയങ്കരനായ
അപ്പേട്ടൻ
അന്നും…
വൈകിയെത്തി!!

മണ്ണിനടിയിൽ പെട്ടുപോയ
തനിക്ക് പ്രിയപ്പെട്ടവരെ
കാണാൻ കഴിയാതെ……

അതുകൊണ്ടാണ്….!
ഇന്നും…!

വെളുക്കെ ചിരിച്ച്
നമ്മുടെ അപ്പേട്ടൻ…..!!

വി.ജി മുകുന്ദൻ

By ivayana