രചന: Ammu Krishna

ഏനന്നു പാടത്തു തടമെടുത്തതിൽ
ഏഴിട്ടിടങ്ങഴി വിത്തു വിതച്ചതും

ഞാറ്റുവേലയ്ക്കൊത്തു ഞാറു വളർന്നതും
നാലും കൂട്ടിമുറുക്കി ചുവപ്പിച്ചു

ഞാറു പറിച്ചവളാടിയുലഞ്ഞേ…
ഞാറ്റുപാട്ടീണത്തിലാടിയുലഞ്ഞേ..

മുണ്ടകൻ പാടവരമ്പത്തിരുന്നിട്ടു
വരിക്കച്ചക്ക പുഴുക്കു,പ്പും കഞ്ഞിയും

പ്ലാവിലക്കുമ്പിളിൽ കോരി കുടിച്ചതും
ചെമ്മാനപ്പൂങ്കതിർ താഴും വരേയും

വിയർപ്പിൻമണികൾ തുടച്ചു
വടിച്ചങ്ങുലഞ്ഞു നിന്നേ…

തെക്കൻക്കാറ്റിലവളാടിയുലഞ്ഞേ…
കൂട്ടരോടൊപ്പമായ് ഞാറൊന്നു നട്ടതും

വളമെറിഞ്ഞതും, കളപ്പറിച്ചതും
കൺമണിപോൽ ഞാറുതഴച്ചുവളരുവാൻ

കണ്ടത്തിൽ വെള്ളം നിറഞ്ഞു
തുളുമ്പുവാനാടിയുലഞ്ഞേ..

ഏത്തം വലിച്ചവളാടിയുലഞ്ഞേ…
ഏറുമാടത്തിലന്ന,ന്തിയ്ക്കു കൂട്ടായ്

മാനത്തു ചന്ദിരൻ പൂത്തൊരു നേരത്തു
രാക്കിളിപ്പാട്ടിൻ്റെ താളത്തിലീണത്തിൽ

മിന്നാമിനുങ്ങിൻ്റെ വെള്ളിവെളിച്ചത്തിൽ
വീശുന്നിളം കാറ്റിൻ ചേറിൻ്റെ ഗന്ധത്തിൽ

പൂതിയുണർന്നേ…
മുത്തി ചുവപ്പിച്ചവളാടിയുലഞ്ഞേ…

സ്വപ്നങ്ങളൊന്നിച്ചു നെയ്തൊരാ കാലത്ത്
ആയിരം മേനി വിളഞ്ഞൊരാ പാടത്ത്

ഇല്ലം നിറയ്ക്കുവാൻ
കറ്റക്കതിർ ചൂടി
പാടവരമ്പത്തവളാടിയുലഞ്ഞേ..

കതിർക്കുലഴകുപോൽ പൂത്തുലഞ്ഞേ..
കർക്കിടകത്തിലെ പഞ്ഞമകന്നിട്ടു

മിഥുന പെണ്ണിനു മിന്നൊന്നു കെട്ടീട്ടു
ചിങ്ങത്തിലോണമൊന്നൊ,ന്നിച്ചു കൂടീട്ടു

പുത്തരിച്ചോറിനാൽ പശിമാറ്റിയവളാടിയുലഞ്ഞേ…
പുഞ്ചിരിപ്പൂ ചെഞ്ചു,ണ്ടിലുദിച്ചേ…

അമ്മു കൃഷ്ണ.

By ivayana