രചന : രാജു കാഞ്ഞിരങ്ങാട്

ധ്യാനത്തിലിരുന്ന് ധന്യനായെന്നു –
പറഞ്ഞതുകൊണ്ട് കാര്യമെന്ത്!
ഒരെറുമ്പിനെപ്പോലും നീ വെറുതെ
വിടുന്നില്ലല്ലോ!
കാരുണ്യത്തിൻ്റെ കണ്ണുകൾ നീട്ടുന്നി-
ല്ലല്ലോ!

കൽത്തരിയെപ്പോലും കൽക്കണ്ട –
മാക്കുന്നു
യഥാർത്ഥ ധ്യാനം
സ്നേഹത്തിൻ്റെ കാശ്മീരമുതിരുന്നു –
കണ്ണിൽ നിന്നും
ദയയെന്നധനം ലോഭമില്ലാതെനൽകുന്നു

ജീവിതം കൊണ്ട് ജീവിതമെന്തെന്ന്
അവൻ പഠിപ്പിക്കുന്നു
നശ്വരമായ ലോകത്തിലെ അനശ്വരമായ
സ്നേഹം കാണിച്ചുതരുന്നു
സമ്പത്തെന്നത് പണ സമ്പാദനമല്ലെന്നും
ബന്ധങ്ങളാണെന്നും അനുഭവിപ്പിക്കുന്നു

ഓടിപ്പോകേണ്ടിവന്നാലും അവിടമൊക്കെ
ഉടയോരുണ്ടാകും
ഉടയാത്തൊരു വെളിച്ചം ഉള്ളിലുണ്ടാകും
നന്മയുടെ നറുമലരെന്ന് അവന് പേര്
ഗുഹയുടെ വായയിലേക്ക് ഗഹനചിത്ത-
നാകാതെ അവൻ നടന്നു കയറും.

രാജു കാഞ്ഞിരങ്ങാട്

By ivayana