രചന : തോമസ് കാവാലം

അന്തിമയക്കത്തിലൊരേഴയാം കപോതി
ഗമിക്കുന്നിമ്പമായ് നഗരവിഹായസ്സിൽ
പന്തികേടുകാണുന്നോ, കണ്ണുകളുന്തി നീ
നോക്കുന്നോ പഥികാ! അവളുടെ നെഞ്ചതിൽ?

ചിലന്തിയെപ്പോലെ നിൻമനം നിർലോപം
ചതിക്കുഴികൾ തീർക്കുന്നവളുടെ വഴിയിൽ
വലകെട്ടി തലനീട്ടി ഇരയെ വെട്ടിലാക്കാൻ
ഇമപൂട്ടിയൊരു മുനിയെപ്പോലിരിക്കുന്നു.

കണ്ണുമഞ്ചിയൊരു നിശാശലഭം പോൽ
ഏതു വിളക്കിന്നഗ്നിയിലെരിഞ്ഞവൾ?
ഏതോ ചുവരുകൾക്കുള്ളിൽ കുടുങ്ങിയോ?
വലയിൽ വീണവളെ മുഴുവൻ വിഴുങ്ങിയോ?

എന്തേമറഞ്ഞവൾ, എന്നുമറഞ്ഞവൾ
എന്നുചോദിച്ചു നടക്കുന്നു മനസാക്ഷി
പുറത്തു കല്ലെടുക്കുന്നെറിയാൻ പൊതുജനം
നിലത്തീശനെന്തോ കുറിക്കുന്നു വിരലിനാൽ.

മിന്നായംപോൽമറഞ്ഞാ ചൂണ്ടുവിരലുകൾ
പാപിയെന്നു മന്ത്രിച്ചരുധിരാധരങ്ങളും
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ ക്രൂരം
നിണം രുചിക്കവേ പെൺമനം തേങ്ങിയോ?

പാപത്തിൻ വേതനം മരണമെന്നോതും മതം
പാതകമെന്തെന്നാരായുന്നെൻ ഉൾമനം
ഇടതുകൈ ആരോപിക്കും വലതുകൈ ചെയ്തെ-
ന്നേതുകൈ നൽകുന്നു കൈയ്യടി ധ്വനം?

തോമസ് കാവാലം

By ivayana