രചന : ഷാജു. കെ. കടമേരി

വേനൽകിനാവുകൾ
പൊട്ടിയൊലിക്കും
കനല് പൂക്കുന്ന നട്ടുച്ചയിൽ
ചോർന്നൊലിക്കുന്ന ജീവിതത്തിന്റെ
ഇടനെഞ്ചിലേക്ക്
കിതച്ച് പെയ്യുന്ന മഴമുത്തുകൾ
കത്തുന്ന വാക്കുകളിൽ പിടയ്ക്കുന്ന
കവിത കൊത്തുന്നു.

ഇരുള് കോരിക്കുടിച്ച കാലത്തിന്റെ
ഹൃദയം കുത്തിപ്പിളർന്ന്
കനല് കോറി വരഞ്ഞിട്ട
ആകാശ കുഞ്ഞ്മേഘചിറകുകൾ
ചങ്ക് പൊട്ടിക്കരയുന്ന
മണ്ണിലേക്ക് പറന്നിറങ്ങി

ഇലയനക്കങ്ങളിൽ ഉമ്മവച്ച്
കലികാലഭൂപടം വരഞ്ഞ് വച്ച
നെഞ്ചിടിപ്പുകളിലേക്ക്
ഓർമ്മകൾ കോരിയൊഴിച്ച്
കൈകാലിട്ടടിക്കുന്നു.

ഒടുക്കത്തെ വിലാപങ്ങളും
കെട്ടടങ്ങാൻ നിൽക്കുന്ന
ചോരപൊതിഞ്ഞ
കൊടുംകാഴ്ചകളിൽ തീപ്പിടിച്ചുലഞ്ഞ്,
വെട്ടിക്കീറിയ ചിതകളിലേക്ക്
കണ്ണീർതുള്ളികളായ് തീക്കാറ്റിനൊപ്പം
നെഞ്ച്പൊള്ളിക്കീറി പുണരുന്നു.

ഓലക്കീറിനിടയിലൂടെയെത്തി
നോക്കും മഴത്തുള്ളികൾ വരയ്ക്കും
ദുരിതജീവിതചിത്രങ്ങളിൽ തലയിട്ടടിച്ച്
പിടഞ്ഞ് കത്തുന്ന വാക്കുകൾ
നൊമ്പരച്ചിറകുകൾ വിരിച്ച്
മുങ്ങിമരിച്ച നിഴലുകളെ
കെട്ടിപ്പുണർന്ന്
കരിങ്കിനാവുകൾ പുതച്ചുറങ്ങുന്ന
ജന്മങ്ങളിൽ കണ്ണീർതുള്ളികളായ്
ചങ്ക് കീറിപിടയുന്നു.

നീറി നീറി പിടയുന്ന കരിഞ്ഞ പച്ചയിൽ
ആശ്വാസത്തിന്റെ തൂവലുകൾ
പൊഴിച്ചിട്ട് ചുവട് വയ്ക്കുന്ന
മഴമുത്തുകൾ
ചങ്കിടിപ്പുകൾക്ക്‌ കാതോർതിരിക്കുന്ന
വരണ്ട നോവുകളിൽ
പുതുവസന്തം വരയ്ക്കുന്നു.

കത്തുന്ന ജീവിതത്തിനിടയിലൂടെ
പ്രതീക്ഷയുടെ ചിറകുകൾ മുളപ്പിച്ച്
ആത്മദാഹത്തിന്റെ
മഴക്കിനാവിൽ പുളയുന്നു.

എത്ര വർണ്ണിച്ചാലും മതിവരാത്ത
നിന്റെ വർണ്ണചിത്രങ്ങളിൽ
ഏഴഴക് വിടർത്തി,
കാൽച്ചിലങ്കയണിഞ്ഞ്
ഉൾപ്പുളകമണിയുന്നു ഉർവ്വി…

ഷാജു. കെ. കടമേരി

By ivayana