രചന : ഗീത മന്ദസ്മിത

അതെ– ചിരി പടരുന്ന ഒരു സ്വഭാവമാണ്
മനുഷ്യരിൽ മാത്രം കാണുന്നൊരു വിശേഷ സിദ്ധി
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരാവുന്നൊരു മധുരവ്യാധി
മനസ്സിന്നാശ്വാസമേകുന്നൊരു ഔഷധി
മാനവനു മാത്രമായ് പ്രകൃതി കനിഞ്ഞേകിയൊരു കൈത്തിരി
തെളിച്ചിടാം അതിൽനിന്നായിരം പൊൻതിരി
പകർന്നിടാമതിൻ പൊൻവെളിച്ചം
തെളിഞ്ഞിടും അനേകം മുഖങ്ങളിലതിൻ ജ്വാലകൾ
ഒരു ചിരിയാൽ നഷ്ടമാവില്ലൊന്നുമേ
എന്നാൽ നേടിടാം അനേകം സൗഹൃദങ്ങൾ
കീഴ്പ്പെടുത്തിടാം ആയിരം മാനവഹൃദയങ്ങൾ
ഏകിടാമൊരു സ്വാന്ത്വനം വലിഞ്ഞു മുറുകും പേശികൾക്കും
മുറിഞ്ഞു പോയിടാം ബന്ധങ്ങൾക്കും
ഏകാമൊരു നറു പുഞ്ചിരി സഹപാഠികൾക്കും,സഹപ്രവ്രർത്തകർക്കും,
സഹയാത്രികർക്കും, പിന്നെയീ സഹജീവികൾക്കും
ഏകൂ ഒരു ചെറു പുഞ്ചിരി നടന്നു പോകുമ്പോൾ കടന്നു പോകുന്നവർക്കായ്,
കിടന്നുപോയവർക്കായ്, അവർ കടന്നു പോകും മുമ്പേ
നാളെയേകാനാവില്ല ഒരു വേള, നാം കിടന്നു പോയാൽ
ഒരു പുഞ്ചിരിയേകിടും നീറും മനസ്സുകൾക്കൊരു സ്വാന്തനം
തെളിയും ഒരുവേള അവരുടെ മുഖത്തായൊരു മറു പുഞ്ചിരി
അതേകും നൽകുന്നവരുടെ മനസ്സിന്നൊരു കുളിർമ്മയും
മുഖം മനസ്സിൻ കണ്ണാടിയെങ്കിൽ
ചിരി ഹൃദയത്തിൻ ജാലകം
തുറന്നിടാമാ ജാലകം
ഏറ്റിടാമൊരു കുളിർക്കാറ്റ്
ഏകിടാമതിൻ സൗരഭം
മറയാതിരിക്കട്ടെ ഈ മാനവ സൗന്ദര്യത്തിൻ പുഞ്ചിരി
മാനുഷ ജന്മത്തിന്നടയാളമാമീ പൊൻതിരി
മായാതിരിക്കട്ടെ മനുഷ്യത്വത്തിൻ മുഖമുദ്രയാമീ പുഞ്ചിരി
മനുഷ്യ മനസ്സിന്നു സ്വാന്തനമേകുമീ പൊൻതിരി
ചിരിക്കൂ… ഒന്നു ചിരിക്കൂ…
മരിക്കും മുമ്പ് ചിരിക്കൂ…
ചിരിക്കാനാവില്ല മരിച്ചാൽ
അപ്പോൾ ചിരിക്കാതിരിക്കട്ടെ ആരും…

ഗീത മന്ദസ്മിത

By ivayana