രചന : രാജ് രാജ്

മൗനമായി മനസ്സിന്റെ അകത്തളങ്ങളിൽ
ഉരുകിത്തീരുന്ന ചില ആഗ്രഹങ്ങളും,
മോഹങ്ങളും..,
പ്രതീക്ഷകളും
സ്വപനങ്ങളുമുണ്ടാവും നമ്മുടെ മനസ്സിൽ….
അതിൽ ചിലതെല്ലാം ആരോടും പറയാത്ത
അതിവിശുദ്ധമായ ഒരു മൗനപ്രാർത്ഥന
പോലെ ഒടുവിൽ നമ്മുടെ ഉള്ളിന്റെയുള്ളിൽ
അകാലത്തിൽ മൃതിയടയുന്ന ചില സ്വപ്‌നങ്ങൾ ഉണ്ടാവും….
ഋതുഭേദങ്ങൾ കാലത്തിന്റെ നിയോഗം പോലെ
വസന്തത്തിന്റെ ആനന്ദവും,
ശിശിരത്തിന്റെ പ്രതീക്ഷയും,
വർഷത്തിന്റെ കണ്ണീരും,
ഹേമന്തത്തിന്റെ കുളിരും നൽകി കടന്ന് പോകുമ്പോൾ
ഓർമ്മകളിൽ നിന്നും
ചിലതെല്ലാം
വിസ്മൃതിയിലേക്ക്
പടിയിറങ്ങിപ്പോകും…
എന്നാൽ മരിക്കാത്ത ചില ഓർമ്മകൾ ഉണ്ടാവും
അപ്പോഴും നമുക്കു കൂട്ടിനായി….
അവയുടെ കനൽചൂടിൽ ഉരുകിയും കണ്ണീരണിഞ്ഞും
ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളുടെ
നിരാമയ കല്പനയിൽ
നെടുനിശ്വാസമറിഞ്ഞും അന്തമില്ലാത്ത വിഫല പ്രതീക്ഷകളുടെ
കാരാഗ്രഹങ്ങളിൽ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട
ജയിൽ പുള്ളിയെപ്പോലെ ഓർമ്മകളുടെ തടവറകളിൽ
ശിക്ഷിക്കപ്പെട്ടവരാണ് നമ്മളിൽ ചിലർ.
ജീവിതം ഒരുപ്രഹേളികയാണ്.
ന്യായാന്യാങ്ങളുടെ തുലാസിൽ അളക്കുമ്പോൾ
പലപ്പോഴും അന്യായങ്ങളുടെ കള്ളത്തട്ടിൽ നാമെല്ലാം
വ്യഥയുടെ ആകുലതയിൽ സത്യാനേഷികളെപോലെ
മുൾകിരീടമണിഞ്ഞു നിൽക്കുകയാണ്..
ദുഃഖങ്ങളുടെ ചുമടുകൾ ഇറക്കിവയ്ക്കുവാനായി
ഒരു ചുമടുതാങ്ങി പോലുമില്ലാതെ നിരാലംബരയായി
നിസ്സഹായരായി….
എങ്കിലും ജീവിതം
ജീവിച്ച് തീർക്കാനുള്ളതാണെന്ന തിരിച്ചറിവിൽ
യാന്ത്രികമായി മുന്നോട്ട് പോവുക എന്നതാണ് നമ്മുടെ കടമയും കർത്തവ്യവും…..

By ivayana