രചന : ഷാജു. കെ. കടമേരി.

വെയിലുറങ്ങുന്ന
മരക്കൂട്ടത്തിനിടയിൽ
മുഖത്തോട് മുഖം
നോക്കിയിരുന്നിട്ടുണ്ട്
പെയ്യാതെ പെയ്യുന്ന മഴയത്ത്
വീർത്ത കൺപോളകളുമായ്
നട്ടുച്ച കിനാവ് കണ്ടിട്ടുണ്ട്.
നോവിൻ മഷിപ്പാത്രത്തിൽ
കുതറി പിടഞ്ഞ്, വിയർത്ത് കിതച്ച്
അനീതി തുറുങ്കുകൾ പിളർക്കാൻ
ചോരയിറ്റ് നിന്ന വിരൽതുമ്പിൽ
ഒട്ടിനിന്നിട്ടുണ്ട്.
ഇണങ്ങിയും പിണങ്ങിയും
ഉറക്കപ്പിച്ചിൽ കാണുന്ന
സ്വപ്നം പോലെ
ചിമ്മിനി വെട്ടത്തിൽ പുസ്തകം
വായിക്കുന്ന പയ്യന്റെ നെഞ്ചിലെ
നിലവിളിയിലേക്കും
പിറന്ന മണ്ണിൽ നിന്നും
ആട്ടിപ്പായിക്കപ്പെടുന്നവരുടെ
വിലാപങ്ങളിലേക്കും
എനിക്കാരുമില്ലെന്ന് വിതുമ്പി
ചുറ്റുമതിലിൽ തലയിട്ടടിച്ച
അനാഥ ബാലികയുടെ
നെഞ്ചിലെ തീയിലേക്കും
നടത്തിച്ചിട്ടുണ്ട്.
നെഞ്ച് മാന്തിപ്പൊളിക്കും
പെരുമഴയത്ത് കാലചക്രത്തിന്റെ
നെഞ്ചിൻകൂട് കീറി മുഴങ്ങുന്ന
ചോദ്യത്തിനും പതറുന്ന
ഉത്തരത്തിനുമിടയിൽ നമ്മൾ…..
( രണ്ടക്ഷരം )
അഗ്നിവളയത്തിലൂടെ
കഴുത്ത് പുറത്തേക്കിട്ടപ്പോൾ
കണ്ടത് വല വിരിച്ച്
മറഞ്ഞിരിക്കും വേടനെ
കനലുകളിലൂടെ നടന്ന് പഠിച്ച്
നട്ടുച്ചയിൽ വാടാതെ
നൂൽപാലത്തിലൂടെ നടന്ന്
കുരിശിൽ പിടഞ്ഞ്…. പിടഞ്ഞ്
ഉയർത്തെഴുന്നേറ്റു.
അപ്പോൾ നീ നക്ഷത്രങ്ങളെ
അഴിച്ചെടുത്ത് മുറിവുകൾ
തുന്നിച്ചെർത്ത്
പ്രാണൻ തുടിക്കും വിരലുകളുമായ്
എന്റെ കൃഷ്ണമണികളിൽ
കൽപാന്തത്തിലും മായാത്ത
രണ്ടക്ഷരങ്ങൾ കോറിയിട്ടു……

By ivayana