രചന : സിന്ധു മനോജ് ചെമ്മണ്ണൂർ

ഒരു കിരണമെന്തിനോ
തേടിയെത്തുന്നിതാ
ഇരുൾ വീണ മുറിയിലേ-
ക്കെത്തി നോക്കുന്നിതാ..

പകലിന്റെ തണൽ വീണ
ചില്ലയിൽ നിന്നും
ഒരു കുളിർ തെന്നലും
ചാര വന്നെന്തിനോ..

പതിവുപോൽ പൂക്കുന്ന
പൂവാകയെന്തിനോ..
പലവട്ടമെന്നെ തിരഞ്ഞു
നോക്കുന്നിതാ..

പറയാൻ മറന്നൊരാ
പരിഭവതേന്മഴ
ഇലയിലൂടുതിരുന്നു
നെഞ്ചിലേക്കെന്തിനോ..

ചക്രവാളങ്ങളിൽ നിന്നും
നിലാപക്ഷി
ചില്ലകളുലച്ചെന്റെ
ചാരത്തിരുന്നിതാ…

ചിരിതൂകിചിറകാട്ടി
തൂവൽ കുടഞ്ഞെത്തി
ചൊരിയുന്നു പ്രണയത്തിൻ
മധുവാർന്ന സ്വപ്നങ്ങൾ

മൊഴിയുവാനാകാത്ത
മിഴിയുമായ് ഞാനെന്റെ
പിടയുന്ന ഹൃദയത്തിൻ
അറകൾ തുറക്കവേ..

അരികത്തിരിക്കുവാൻ
ആവാതെ പക്ഷിയോ..
തിരികെ പറന്നു പോയ്
മൗനമായി..

അകതാരിൽ പെയ്തൊരാ
മിഴിനീരു കൊണ്ടെന്റെ
കനവിന്റെ വിത്തുകൾ
മുളയിട്ടു പിന്നെയും ..

ഹൃദയമാമാകാശ ചെരുവിലായ്
പൂത്തുവോ
നനവാർന്ന പ്രണയത്തിൻ
നക്ഷത്ര മൊട്ടുകൾ..

ചക്രവാളങ്ങളിൽ നിന്നും
വിരിഞ്ഞിതാ..
നിറമാർന്ന പ്രണയത്തിൻ
മഴവില്ലുകൾ..

ചിരിതൂകിചിറകാട്ടി
തൂവൽ കുടഞ്ഞെന്റെ
കനവിലേക്കെത്തി
നിലാപക്ഷി പിന്നെയും

സിന്ധു ഭദ്ര

By ivayana