രചന : ഗീത മന്ദസ്മിത✍️

കാലവർഷവും തുലാവർഷവും മകരമഞ്ഞിൻ കുളിരും
കാലങ്ങളായ് പെയ്തിറങ്ങിയൊരീ പുണ്യഭൂവിൽ
വിരിഞ്ഞിരുന്നൂ ഒരു നാളിലൊരായിരം വർണ്ണപ്പൂക്കൾ
വന്നിരുന്നൂ അതിൽ സ്നേഹത്തിൻ ചിറകടിച്ചൊരായിരം
വർണ്ണക്കിളികളും നൽപ്പൂമ്പാറ്റകളും..!
പൊന്നുവിളഞ്ഞൊരീ മണ്ണിൻ മാറിൽ തരിശു വിളയിച്ച മാനവൻ
മഴുവെറിഞ്ഞു നേടിയെടുത്തൊരീ ദേവഭൂമിതൻ മാറിൽ
മഴുവെറിഞ്ഞിന്നു മുറിക്കുന്നതിരിക്കും കൊമ്പാണെന്നറിക നാം
മഴയൊഴിഞ്ഞൊരീ വേനൽച്ചൂടിൽ,
മരമൊഴിഞ്ഞൊരീ പാതക്കരികിൽ
വിണ്ടുകീറിയ പാടങ്ങൾ താണ്ടും നിൻ പാദങ്ങളും
ചുണ്ടുണങ്ങിയ നിൻ കുഞ്ഞു പൈതങ്ങളും
മണ്ടിടുന്നതൊരിറ്റു ദാഹജലത്തിനായ്
ഇല്ല തണ്ണീർത്തടങ്ങൾ, കാട്ടരുവികൾ, ചോലകൾ
ഇല്ല ആമ്പൽക്കാടുകൾ, കടവുകൾ, തോടുകൾ
ഇല്ലയിനിയൊരിറ്റു ജലകണികപോലും വറ്റിവരളുവാൻ
ഇല്ലൊരു കുഞ്ഞു വേഴാമ്പൽ പോലുമിങ്ങു കേഴുവാൻ
വറ്റിവരളും നിൻ സിരകളും രക്തധമനികളുമീ കൊടുംവേനലിൽ
അന്ത്യനാളിൽ നിനക്കേകുവാനായി,
ഇല്ല, ഇനിയിറ്റു കണ്ണുനീർത്തുള്ളികൾ പോലും,
നിൻ ശേഷക്കാർ തൻ കണ്ണിൽ..!
വറ്റിവരണ്ടുപോയ് അവയെല്ലാമീ വേനൽച്ചൂടിൽ
വെറും ഉപ്പുകണങ്ങളായെന്നറിക നീ..!

By ivayana