രചന : ഹരിഹരൻ എൻ കെ

നാലുനാളായ് ഇതേവരേയ്ക്കും
തിരിച്ചെത്തിയില്ലെന്റെ മ്യാവു മ്യാവു ;
ഒട്ടിയവയറുമായ് അവസാനമായെന്റെ
അരികത്തുവന്നതു ദുഃഖസ്മൃതികളോ !
തറവാട്ടിൻ പറമ്പിലെ ഭാഗങ്ങളിലൊന്നിൽ
ജന്മം ലഭിക്കയാൽ ഇളയമ്മ നോക്കിടും;
എങ്കിലും ഈ നാലുവീട്ടിലും വസിക്കുന്നു
നമ്മുടെ പുന്നാര വളർത്തുപൂച്ചക്കുട്ടി !
ഓരോ ദിവസവും ഓരോരോ വീട്ടിലാ-
ണാഹാരമെങ്കിലും അന്തിയുറങ്ങുവാൻ ;
ചെറിയമ്മയ്ക്കരുമയായ് നിത്യവും രാത്രിയിൽ
എത്താതിരിയ്ക്കില്ല കൂട്ടിനുറങ്ങുവാൻ !
ചിറ്റമ്മ വീടുവിട്ടെവിടെയോ പോയതി-
ന്നാ രാത്രി പൂച്ചയെ ഞങ്ങൾക്ക് സ്വന്തമായ് !
അന്നെന്റെ കാലിന്നിടയിലെക്കമ്പിളി
ച്ചൂടുപിടിച്ചിട്ടുറക്കം തുടങ്ങിയോൾ !
ഇന്നെങ്ങു പോയെന്നറിഞ്ഞില്ലയെങ്കിലും
വന്നുകയറുവാൻ കാതോർത്തിരിക്കയായ് !
എലികളെ രസകരമായിപ്പിടിച്ചിട്ടു
തട്ടിക്കളിച്ചിടും തിന്നാതെ പാർത്തിടും ;
തട്ടിൻപുറത്തു കയറി വിലസുന്ന
മുട്ടനെലിയെയും നോട്ടത്തിൽ വീഴ്ത്തിടും !
മീൻകാരനെന്നും വരാറുള്ളതിൻ മുമ്പെയായ്
അതീവ ശീഘ്രം പുറത്തേയ്ക്ക് പാഞ്ഞിടും ;
ഓരോ ദിനങ്ങളിൽ ഓരോരോരോഹരി
മാറിമാറിക്കൊടുക്കുന്നു ഞങ്ങളും !
എങ്കിലുമിന്നുമിതേവരേയ്ക്കുമീ
യരുമയെക്കാണാതെ തേങ്ങുന്നു കൊച്ചുമോൾ .
വരുമതെന്നെങ്കിലും വരാതിരിയ്ക്കില്ല
എന്നുള്ളുറപ്പു കൊടുക്കുന്നു നിത്യവും .
ഈശ്വരലീലകൾ ആരറിയുന്നുവോ !
തീർച്ച കൊടുക്കുവാൻ ഞാനാരിതീശ്വരാ !

ഹരിഹരൻ

By ivayana