രചന : ഉഷ ഭവാനി.

കല്ലുപെൻസിൽ
തിരുകിയ കുഞ്ഞിക്കൈയ്യ്
വാത്സല്യച്ചൂടുള്ളൊരു
കൈത്തലത്തിലൊതുക്കി
വടിവില്ലാത്ത
വരകളെത്രയെഴുതിയീ
സ്ലേറ്റിലായീ….
എഴുതിത്തന്ന
വരകൾക്ക് മേലേ
തെറ്റാതെയെഴുതിയെഴുതി
ഉരഞ്ഞു തേഞ്ഞു തീർന്നെത്ര
കല്ലുപെൻസിലുകളീ
അക്ഷരപ്പെരുമ
നേടാനായി നമ്മൾ…..

പിന്നെ..
വള്ളിയും പുള്ളിയും
തെറ്റാതെയെഴുതി
ഒന്നാമതെത്തുമ്പോൾ
മറന്നുവോ നമ്മളീ
കല്ലുപെൻസിലിനെ….

അതുകഴിഞ്ഞീ-
മഷിനിറമുള്ള
അക്ഷരവടിവുകൾക്ക്
അന്നമായതും
കല്ലുപെൻസിലല്ലേ….

ഇന്ന്…
ഞാനൊരു കല്ലുപെൻസിലും
നീ എന്റെ
തോന്ന്യാക്ഷരങ്ങൾക്കുള്ള
സ്ലേറ്റുമായി…..
പ്രണയാക്ഷരികളെഴുതിയും
മായ്ച്ചും
മുനതേഞ്ഞുതീർന്നി_
ല്ലാതെയാവോളമിങ്ങനെ
എന്നുമെന്നും ഒപ്പമുണ്ടാകണം.

By ivayana