ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : ഷാജു. കെ. കടമേരി.

മഴക്കോള്
കുത്തിവരച്ച ഇടനെഞ്ചിൽ
ഇരുൾ നിവർത്തിയിട്ട
ആകാശത്തിന് ചുവടെ
പുഴയോളങ്ങളിൽ മുഖം മിനുക്കി
തിളങ്ങുന്ന നിലാവിന്റെ കണ്ണുകളിൽ
അഗ്നിനക്ഷത്രങ്ങൾ
ഉമ്മ വയ്ക്കുമ്പോൾ
മഴ നനഞ്ഞൊരു കുട്ടി
ഹൃദയവാതിൽ തുറന്ന്
അകത്തേക്ക് ഓടിക്കിതച്ച് വരും
പഴുത്ത് ചുവന്ന നട്ടുച്ചവെയിൽ
കീറി വലിച്ചിട്ട
റെയിൽവെ ഫ്ലാറ്റ്ഫോമിൽ
വയറ്റത്തടിച്ച് പാടിയ
കുഞ്ഞ് കണ്ണുനീർപെയ്ത്തിൽ
വിരിഞ്ഞ് , മുൻപേ പറക്കുന്ന
പ്രതീക്ഷകൾ , നിശബ്ദതയുടെ
ഒന്നാം വളവിൽ ചിറകൊടിഞ്ഞ്‌
വീഴും.

തിളയ്ക്കുന്ന കടൽ കോരിക്കുടിച്ച്
വറ്റിച്ച നിമിഷങ്ങൾ എഴുതിവച്ച
വരികളിൽ പിടയ്ക്കുന്ന മിടിപ്പുകൾ
തീചൂളക്കാറ്റിന്റെ നെഞ്ചിൽ
തലകുത്തി മറിഞ്ഞ് പിടയും
പാതി വെന്ത കിനാവുകൾ
മുഖത്തോട് മുഖം നോക്കിയിരുന്ന്
പെരുമഴതോറ്റങ്ങൾ എഴുതിവച്ച
കല്പടവുകളിൽ കെട്ടിപ്പിടിച്ചിരുന്ന്
ശൂന്യതയിലേക്ക്
മിഴി കോർത്തിരിക്കും.

വെയില് കീറിപൊളിച്ച്
കരള് പിടയ്ക്കുന്ന നോവുകൾ
നീണ്ട് നീണ്ട് ആകാശം
കുത്തിപ്പൊളിച്ച്
സൂര്യനെയും ചന്ദ്രനെയും
ഉള്ളംകൈയ്യിലെടുത്ത്
ഭൂമിയുടെ ഞരമ്പുകളിൽ
തീവസന്തം ഊതിപിടിപ്പിക്കും.

കൂരിരുൾകൂട്ടിൽ
ഒറ്റയ്ക്ക് നിറഞ്ഞ് കത്തിയ
ദൈന്യത
മൗനത്തിന്റെ മടക്കുകളിൽ
രാക്കാറ്റിനൊപ്പം പെയ്തിറങ്ങും.

കരള് പൊട്ടി പാടിയ
പാട്ടിന്റെ താളങ്ങളിൽ ലയിച്ച്
അഗ്നി പുതച്ച ഇളം കാറ്റ്
മരയിടുക്കുകളിൽ താളം പിടിക്കും.

അങ്ങനെയുമൊരു കാലം
എനിക്കുമുണ്ടായിരുന്നുവെന്ന്
അടയാളപ്പെടുത്തുന്നതിനു മുമ്പേ
കീറിപ്പറിഞ്ഞ കുപ്പായത്തിനുള്ളിലെ
മങ്ങിയ മനസ്സിനുള്ളിൽ
സ്വപ്നങ്ങളെ കോരിയെടുത്ത്
അടുക്കി അടുക്കി വച്ച് ,
പാതിയുറക്കത്തിലേക്ക്
വഴുതിവീഴുന്ന ദുഃസ്വപ്നങ്ങളിൽ
അവൻ വീണ്ടും………

ഷാജു. കെ

By ivayana