മുരളി രാഘവൻ*

ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്.തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു.

1987ല്‍ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഖുശി, റണ്‍, സാമി, അന്യന്‍, ശിവാജി തുടങ്ങി ഇരുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു. 2009ല്‍ പത്മശ്രീ ലഭിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റിൽ വച്ചു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

1961 നവംബര്‍ 19ന്‌ തൂത്തുക്കുടിയിലെ കോവില്‍പട്ടിയിലാണ് വിവേകാനന്ദൻ എന്ന വിവേകിന്‍റെ ജനനം. മധുരയിലെ അമേരിക്കൻ കോളജിൽ നിന്ന് കൊമേഴ്സിൽ ബിരുദമെടുത്ത വിവേക്, ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമർക്ലബിന്‍റെ സ്ഥാപകൻ പി.ആർ. ഗോവിന്ദരാജനുമായുള്ള ബന്ധമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്.

പി.ആർ. ഗോവിന്ദരാജൻ പരിചയപ്പെടുത്തിയത് വഴി പ്രശസ്ത സംവിധായകന്‍ കെ. ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.1987ല്‍ പുറത്തിറങ്ങിയ ബാലചന്ദർ സംവിധാനം ചെയ്ത ‘മാനതില്‍ ഉരുതി വേണ്ടും’ ആണ് ആദ്യ ചിത്രം. തുടർന്ന് പുതുപുതു അർഥങ്കൾ, ഒരു വീട് ഇരു വാസൽ തുടങ്ങിയ ബാലചന്ദർ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലെത്തി.

1990കളില്‍ പുറത്തിറങ്ങിയ നിരവധി ഹിറ്റ് സിനിമകളിലൂടെ വിവേക് ജനമനസ്സിൽ ഇടംപിടിച്ചു. റൺ‌, ധൂൾ, ബോയ്സ്, സാമി, ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, അന്യൻ, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താൽ, ഖുഷി, ഷാജഹാന്‍ തുടങ്ങി 220തോളം സിനിമകളിൽ സാന്നിധ്യമായി. ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍.അഞ്ചു തവണ തമിഴ്‌നാട് സര്‍ക്കാറിന്‍റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും മൂന്നു തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ടെലിവിഷന്‍ അവതാരകനായിരിക്കെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, രജനികാന്ത് തുടങ്ങിയ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. ഭാര്യ: അരുള്‍സെല്‍വി. മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍. ആദരാജ്ഞലികൾ.

By ivayana