ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ*

മരണം പകയോടെ പടരുന്ന ദുരിതകാലത്തും
ഉശിരോടെ പതറാതെ പൊരുതുന്ന പോരാളികൾ
ഉലകം ജീവഭയത്തിന്റെ തീച്ചൂളമേൽ പുകയുമ്പോൾ
മൃതിയുടെകളത്തിൽ പ്രാണന്റെപകിടയെറിയുന്നവർ
ഉള്ളിലൂറിയെത്തുന്ന സങ്കടത്തേങ്ങലുകൾ
ആമാശയച്ചരുവിൽ കുഴികുത്തിമൂടുവോർ
നീട്ടിയലറുന്ന പുലഭ്യപ്പുലയാട്ടിൽവെന്തിട്ടും
സ്വാഭിമാനത്തെ വിലങ്ങിട്ടു നിർത്തുവോർ .
കാത്തിരിക്കുന്നൊരാ വാത്സല്യച്ചിരികളെ ,
വഴിക്കണ്ണുമായിരിക്കും വൃദ്ധമിഴികളെ ,
പാദസ്വനം തേടും വിഹ്വലഹൃത്തിനെ
പാടേ മറന്നു മരുന്നുമണത്തുമടുത്തവർ
ഉലയുന്നഉയിരിനുമുണർവിനുമിടയിലൊരു
ദുർബലകവചത്തെ പരിചയാക്കുന്നവർ,
ഉയിരുപൊള്ളിപ്പിടഞ്ഞെത്തും അർദ്ധമൃതങ്ങളെ
ഉയിരുകത്തിച്ചു ജീവന്റെ വഴിതെളിക്കുന്നവർ
ചോരയോടുന്നൊരു ഉടലാണു ഞങ്ങൾക്കും
ജീവശ്വാസം നിറഞ്ഞൊരു ഉയിരാണ് ഞങ്ങൾക്കും
നൊന്തുചാകുമ്പോഴും വെന്തുതീരുമ്പോഴും
സമൂഹമേ നിനക്കായി ഒറ്റിവെച്ചതാണുഞങ്ങളെ ..

By ivayana