കവിത : ലത അനിൽ *

കിഴക്കേ ചക്രവാളത്തിലുജ്ജ്വല
കാന്തിയോടെയെഴുന്നള്ളി സൂര്യൻ.
സാഗരമെത്ര ശാന്ത०, മനോഹര०.
തൂവലുകൾ ചിക്കു० കിളിയേപ്പോൽ.
കരിയിലകളാരോ എറിഞ്ഞപോൽ
കുരുവികൾ പറന്നെത്തുന്നു കൂട്ടമായ്.
ചാകരക്കോൾ നിറച്ച കനവുമായ്
മണലിലൊട്ടിയിരിക്കുന്ന തോണികൾ.
വർണനാതീതമീ കാഴ്ച്ചകൾ
ഒക്കെയു० കണ്ടു ദൂരെയിരിപ്പൊരാൾ.
ചിത്രകാരനാണയാൾ ദൃശ്യങ്ങൾ
കടലാസ്സിലേക്കു പകർത്തി ചാരുതയോടെ.
തെല്ലിടയാ ചിത്രവും ദൃശ്യവും മാറിമാറി
നോക്കി,യായധരത്തിൽ സുസ്മിത० വിടർന്നു.
പെട്ടെന്നൊരു മോഹമാ യുവാവിന്റെ
ചിത്തത്തിലങ്കുരിച്ചു എന്തിനെന്നറിയാതെ.
തൂക്കിയിട്ടൂ ചിത്രം ,നഗരത്തിലെ
ആളു തിങ്ങുമങ്ങാടി തൻ കൽത്തൂണിലായ്.
ജിജ്ഞാസാഭരിതനാകുമായുവാവ്
ഒരു വരി കൂടി കുറിച്ചതിൻ താഴെ.
“അടയാളപ്പെടുത്തുക കൂട്ടരേയിതിൽ
വര ശരിയാകാതെപോയ ഇടങ്ങളൊക്കെയു० നിങ്ങൾ”
വെയിൽ മങ്ങി ,മാഞ്ഞൂ നിലാവിനെ
വരവേറ്റു താരു० തരുക്കളു०
ഒടുവിലെപ്പൊഴോ സ്വപ്നങ്ങൾ കണ്ടു
കണ്ടുറങ്ങി പൂർണ്ണചന്ദ്രനു० രാവും.
സുഖസുഷുപ്തി വിട്ടുണർന്നു പ്രഭാതത്തിൽ
സന്തോഷഭരിതനായി നടന്നാ കലാകാരൻ.
ക്രയവിക്രയങ്ങൾക്കൊരുങ്ങുമങ്ങാടിയിൽ
തന്റെയാ ചിത്രം കണ്ടു നടുങ്ങി നിന്നുപോയി.
വട്ടം വരച്ചുമാകെക്കീറിയു० കരിപ്പാടാൽ
വികൃതമാക്കപ്പെട്ടു പോയിരിക്കുന്നു ചിത്രം.
തെറ്റുകുറ്റങ്ങൾ കാണാൻ പ്രത്യേക കഴിവാണ്
നരനെന്നുള്ള സത്യമറിയാ യുവാവിനു
പാദങ്ങൾ പാറ പോലെയുറച്ചതായി തോന്നി ,
പാവമാക്കലാകാരൻ ഗദ്ഗദകണ്ഠനായി.
ചിത്രകാരന്റെ മൗന० ഭേദിച്ചു താതൻ ,
മക്കളെയറിയുവാൻ മറ്റാർക്കു കഴിഞ്ഞിടാൻ?
ഒരു നിർദ്ദേശ० നൽകിയദ്ദേഹമിങ്ങനെ.
“വരയ്ക്കൂ മകനേ നീയൊരിയ്ക്കൽക്കൂടിയാ പടം. “
വീണ്ടുമങ്ങാടിയിലാ ചിത്രം പ്രത്യക്ഷപ്പെട്ടു..
“തെറ്റുകൾ തിരുത്തുക “യെന്നുള്ള വാക്കുകളു०.
അന്നുറങ്ങിയില്ലയാൾ, തന്റെ കുഞ്ഞിനെ ,കണ്ട
തെരുവിലുപേക്ഷിച്ച അനാഥപ്പെണ്ണിനേപ്പോൽ
പിറ്റേന്നു മഞ്ഞക്കതിരാദ്യ० ഭൂമിയെ തൊട്ട
നേരത്തെഴുന്നേറ്റയാൾ തന്റെ സൃഷ്ടി കാണുവാൻ.
എന്തൊരത്ഭുത०, ഒരു മാറ്റവും വന്നീടാതെ
നിരത്തിൻ തൊടുകുറി പോൽ കിടപ്പുണ്ടാ ചിത്രം .
ഒന്നും മനസ്സിലായതില്ലയാൾക്കപ്പോ, ളെന്തിനീ
പടമിന്നലെ വികൃതമാക്കി ജന०.
ഇന്നതേ ചിത്രം തന്നെയൊട്ടുമേ കരിയാകാതങ്ങനെ കിടക്കുന്നു എന്തിതിൻ കാരണങ്ങൾ?
താതൻ പറഞ്ഞു മെല്ലെ “മകനേയറിയുക
തെറ്റുകൾ ചൂണ്ടിക്കാട്ടാനേവർക്കു० കഴിഞ്ഞിടാ० .
നൽകരുതവസരമതിനായെന്തെന്നാൽ
നമ്മുടെ ശരികളു० അവർക്കു തെറ്റായ് തോന്നാം.
തിരുത്താൻ കഴിയണമെന്നില്ലയാർ
ക്കു० കുറ്റം
കാണാനേ കഴിയുള്ളൂ നരനെന്നറിയുക”
എന്തിനായോർത്തുപോയിക്കഥയിന്നേരത്തു ഞാൻ
കുട്ടിക്കാലത്താരോ പറഞ്ഞുതന്ന കഥ.
ഇന്നിതാ വെട്ടു० കുത്തു० തിരുത്തു० മഷിപ്പാടു०
വീണു വികൃതമായ ജീവിതം ചിലയ്ക്കുന്നു.
“തെറ്റുകൾ ചൂണ്ടിക്കാട്ടാനേവർക്കു०കഴിഞ്ഞിടു०.
തെറ്റാവില്ലവ സ്വന്തം ശരികൾ തന്നെയാവാ० .
അന്യർ തന്നഭിപ്രായമിഷ്ടവു० കണക്കാക്കി
ജീവിച്ചിടൊല്ല, ബലിയാടുകളായി മാറാ०”

By ivayana