കവിത : മംഗളാനന്ദൻ*

നിറം പിടിപ്പിച്ച നുണകളെ, തിരി-
ച്ചറിവില്ലാഞ്ഞനാൾ ചരിത്രമായെണ്ണി-
പ്പഠിച്ചുപോയ് നമ്മൾ, മനസ്സിൽ തെറ്റായി-
പതിഞ്ഞ പാഠങ്ങൾ പറിച്ചെറിയണം.
സമയമായിനി തിരിച്ചറിവിന്റെ
പുതിയ പാഠങ്ങൾ പഠിച്ചറിയണം.
ബലിപീഠങ്ങളിലുണങ്ങിയ ചോര-
ക്കറകളിപ്പൊഴും തെളിഞ്ഞുകാണുന്നു.
വറുതി വേനലായെരിഞ്ഞൊരു നാളി-
ലിവിടെ നമ്മുടെ പഴംതലമുറ
വെടിയേറ്റു വീണ വെളിനിലങ്ങളും
പിടഞ്ഞുതൂങ്ങിയ കഴുമരങ്ങളും
വിചാരണയേതും നടക്കാതെ വെറും
തടവറയ്ക്കുള്ളിലൊടുങ്ങിപ്പോയോരും,
ചുടുകാട്ടിനുള്ളിലെരിഞ്ഞൊടുങ്ങിയ
തിരിച്ചറിയാത്ത പലമുഖങ്ങളും,
കരിന്തണ്ടൻ ചുരം കയറിപ്പോയതും
ചതിതൻ ചങ്ങലമരം വളർന്നതും,
പെരുമ തമ്പ്രാക്കളപഹരിച്ചതും
കുരുതിയായ് ജീവൻ കവർന്നെടുത്തതും,
ഒരായിരം ജീവൻ ചിതറിവീണ, ജാ-
ലിയൻവാലാബാഗിലുറഞ്ഞ മൗനവും,
അടച്ചുപൂട്ടിയ ചരക്കു വാഗണിൽ
മരിച്ചുവീണ, പേരറിഞ്ഞിടാത്തർ,
പിരമിഡുകളെ പണിതുയർത്തുവാൻ
പെരിയ പാറകൾ ചുമന്നുകേറ്റിയോർ,
ഫറവോമാരുടെ മൃതശരീരങ്ങൾ-
ക്കകമ്പടിയായി മരിച്ച പാവങ്ങൾ,
അറിയുന്നു നമ്മളിവയെല്ലാം വെറും
മറവികൾക്കുള്ളിൽ മറഞ്ഞിരിക്കുന്നു.
സമയമായിനി കുഴിച്ചെടുക്കുവാൻ
ചതുപ്പിനുള്ളിലെ കറുത്ത സത്യങ്ങൾ.
വരമൊഴിയായി ചരിത്രകാരന്മാർ
എഴുതിയ കള്ളക്കഥകൾ മായ്ക്കുവാൻ.
പൊരുതി ജീവിതം പൊലിച്ചവരുടെ
കരളുറപ്പിന്റെ കഥകൾചേർക്കുവാൻ.
സമയമായിനി തിരിച്ചറിവിന്റെ
പുതിയ പാഠങ്ങൾ പഠിച്ചെടുക്കുവാൻ.

By ivayana