കവിത : ടിഎം നവാസ് വളാഞ്ചേരി*

വീണ്ടുമൊരു പരിസ്ഥിതി ദിനം വരികയാണ്. മറ്റു ദിനങ്ങളെ പോലെയല്ല. സർക്കാർ തലത്തിലും മറ്റു സംഘടന തലങ്ങളിലും ഏറെ കൊട്ടിയാഘോഷിച്ച് കോടികൾ മുടക്കുന്ന ദിനമാണ്. ഇതുവരെയുള്ള ഓരോ പരിസ്ഥിതി ദിനങ്ങളിലും കോടികൾ മുടക്കി വെച്ചുപിടിപ്പിച്ച മരങ്ങളുണ്ടെങ്കിൽ കേരളം കൊടുംകാടായേനെ. ദിനാചരണങ്ങൾ പുറംമോടിയിലൊതുക്കാതെ നെഞ്ചേറ്റുന്ന നിസ്വാർത്ഥരായ തലമുറയാണ് ഇന്നിന്റെ ആവശ്യം. പരിസ്ഥിതി ദിനാശംസകളോടെ.

പിഴയിട്ട ഭൂമി (കവിത)
ഒഴുകുന്ന പുഴയത് ഇഴയുന്ന പുഴയായ്
തെളിനീരരുവികൾ ഇടവഴിച്ചാലായ്
നിറവാർന്ന കുന്നുകൾ നിരവാർന്ന മേടായ്
ഹരിതാഭ വയലുകൾ കോൺക്രീറ്റ് കൂടായ്
പുകതുപ്പി മാനം കറുപ്പാക്കി മാറ്റി
കുടയായൊരാകാശമോടയായ് മാറി
ഇടതൂർന്ന കാടുകൾ കട നോക്കി വെട്ടി
അഭയം നശിച്ചവർ നാട്ടിലേക്കെത്തി
ദുരമൂത്ത മർത്ത്യൻ വിഷം വാരി വിതറി
ശ്വസിച്ചും കഴിച്ചും കുഴിയതിൽ വീണു
കാലമത് കലികാലമായ ങ്ങ് മാറി
പ്രളയമായ് ചുഴലിയായ് ഭൂമി കുലുക്കമായ്
മാരക രോഗവും പ്രകൃതി ദുരന്തവും
പഴി ചെയ്ത മാളോർക്കു പിഴയിട്ടു ഭൂമി.

ടിഎം നവാസ്

By ivayana