രാജ് രാജ്*

മറവി ഒരുതരത്തിൽ
സ്വയം നിരാസമാണ്.
ഓർമ്മകളുടെ ശവ കല്ലറകൾക്കുള്ളിൽ
ജീവഛവമായി ഓർമ്മകൾക്കും അനുഭവങ്ങൾക്കു മിടയിൽ മരവിച്ചു കിടക്കുന്നു മറവി.
ചിലപ്പോഴൊക്കെ
മറവി ഒരു ആശ്വാസമാണ്…
ചുട്ടുപൊള്ളുന്ന
അനുഭവങ്ങളുടെ
ആത്മനൊമ്പരങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടമാണത്….
ജീവിതത്തിന്റെ പിൻവഴികളിൽ
തളിർത്തും പൂത്തും
നിന്റെ നിന്നിരുന്ന അനുഭവങ്ങളുടെ
ആത്മനിർവൃതി കളുടെ നിരാസമാണ്
പലപ്പോഴും മറവി.
ഋതുഭേദങ്ങളുടെ
കൊഴിഞ്ഞു വീണ
തൂവൽ ചിറകുകൾ പോലെ അടർന്ന് വീണ കണ്ണീരിന്റെ
ഉപ്പാണ് മറവി….
കാലത്തിന്റെ
കനിവില്ലാത്ത
പരീക്ഷണങ്ങളുടെ
നൊന്തുപിടയുന്ന
ആത്മപീഡനമാണ്
മറവി….
ഇന്നലെകൾ നൽകിയ സന്തോഷങ്ങളും
സങ്കടങ്ങളും
മൗനത്തിന്റെ അഗാധ ഗർത്തങ്ങളിൽ
ഒളിപ്പിച്ചു വയ്ക്കുന്ന
മനസിന്റെ ആത്മബലിയാണ്
മറവി….
വേദനിപ്പിക്കുന്ന
അനുഭവങ്ങളുടെ
ചിതയിൽ എരിഞ്ഞു
തീർന്ന ഓർമ്മകളുടെ
ചാരം മൂടിക്കിടക്കുന്ന മനഃസാക്ഷിയാണ്
മറവി….
ഒരിക്കലെങ്കിലും
ഭുതകാലത്തിലേക്കു
തിരിച്ചു നടക്കാൻ
ഓർമ്മകൾക്കും കാലത്തിനുമിടയിൽ
ഒളിച്ചുകളിക്കുന്നു
മറവി…
ജനിമൃതിയുടെ
ഇടവഴികളിൽ
ഇടക്കിക്കിടെ കനൽമൂടിക്കിടക്കുന്നു മറവി..
ചിലപ്പോഴൊക്കെ
ആത്മനിന്ദയുടെ
നന്ദിയില്ലായ്മയുടെ
സ്വാർത്ഥതയുടെ
പുകമറക്കുള്ളിൽ
ഒളിച്ചിരിക്കും മറവി.
ഓർമ്മകളുടെ
മൂടുപടത്തിനുള്ളിൽ
വ്യക്തതയില്ലാത്ത
കാഴ്ചകളും ശബ്ദങ്ങളുമായി
മൗനതപസിലാണ്
മറവി…
മറ്റുചിലപ്പോൾ
ഓർമ്മകളിലേക്കു
വെളിച്ചം വീശുന്ന
ആത്മാന്വേഷണവും
ആത്മപ്രകാശവുമാണ് മറവി…
ഓർമ്മകൾക്ക് മരണമില്ലാത്തിടത്തോളം മറവിക്കും
മരണമില്ല…

By ivayana