രചന : മായ അനൂപ്.*

എന്നിനി കാണും നാം ഇനിയും
എന്നോർത്തിട്ടെൻ
മിഴികളിൽ അശ്രു തുളുമ്പീടവേ
ഒരുകുളിർ തെന്നലായ് നീ
അരികത്തണഞ്ഞെന്നെ
സാന്ത്വനിപ്പിക്കുന്ന പോലെ തോന്നും
ഏകാന്തത എന്നെ ചൂഴുന്ന വേളയിൽ
ഞാനോടി നിന്റെ അരികിലെത്തി
ആ സ്നേഹധാരയാം ശീതള ഛായയിൽ
ഞാനെന്നേ തന്നെ മറന്നു നിൽക്കും
നിന്നെയെൻ കവിതയായ് എഴുതുവാനായി
ഞാൻ രാവിൽ ഉറങ്ങാതിരുന്നീടവേ
നീയെന്റെ ജാലകത്തിരശീലയ്ക്കിടയിലൂടൊരു
പൗർണ്ണമിയായി കൂട്ടിരിക്കും
നീലാകാശത്തിലെ നീരദ പാളികൾ
എങ്ങോ പോയ്‌ ദൂരെ മറയും നേരം
എന്റടുത്തുന്നു നീ പരിഭവിച്ചെവിടെയോ
പോയി മറയുന്ന പോലെ തോന്നും
ചിന്തകൾ തന്നുടെ അഗ്നിയിൽ എന്മനം
വെന്തുരുകീടുന്ന നേരത്ത് നീ
അരികിലായ്‌ വന്നെന്റെ നെറ്റിയിൽ
ഒരു നുള്ളു കുങ്കുമ തിലകമൊന്നണിയിച്ചീടും
ഓർമ്മകൾ വന്നെന്നിൽ കൂട് കൂട്ടീടുമ്പോൾ
അറിയാതെന്മനമൊന്ന് തേങ്ങിടുമ്പോൾ
കണ്ണൊന്നടച്ചാൽ നീ കനവിൽ വന്നെൻ
മണി ചുണ്ടത്തു ചുംബനപ്പൂ വിടർത്തും
അങ്ങനെ അങ്ങനെ ഓരോ നിമിഷവും
നീയെന്റെ അരികത്തണഞ്ഞിടുമ്പോൾ
എരിവെയിലും പിന്നെ വർഷവും
എന്നിലെ ദുഖവും ഞാനറിയുന്നതില്ല.

മായ അനൂപ്.

By ivayana