രചന : ശ്രീകുമാർ എം പി*
എങ്ങു പോയെങ്ങു പോയെന്റെ കൃഷ്ണ
എന്നെപ്പിരിഞ്ഞു നീയെങ്ങു പോയി
എന്നും നീ കൂടെയുണ്ടാകുമെന്ന്
എങ്ങനെയൊ ഞാൻ ധരിച്ചു പോയി
പീലിത്തിരുമുടി കണ്ടതില്ല
കൃഷ്ണതുളസീഹാരമില്ല
ഓടക്കുഴൽനാദം കേട്ടതില്ല
ഓടിത്തളർന്ന മുകുന്ദനില്ല
ചേലൊത്ത ചേവടി കണ്ടതില്ല
ചേലുള്ള തങ്കക്കൊലുസുമില്ല
ചന്ദനപ്പൂമണമെത്തിയില്ല
ചാരുതുളസീഗന്ധമില്ല
ആത്മാവലിക്കുന്ന നോട്ടമില്ല
ആനന്ദമേകും ചിരിയുമില്ല
ആരും കൊതിയ്ക്കുന്ന കാന്തിയില്ല
അമ്പാടികൃഷ്ണനെ കണ്ടതില്ല
ഞാനെന്ന ഭാവം ഫണം വിരിച്ചൊ
ഞാനെന്ന ഭാവം വിഷം വമിച്ചൊ
അച്യുത നിന്നെയറിയും കൺകൾ
അന്ധകാരം വന്നു മൂടിയിന്ന്
നിന്നെയറിയേണ്ട നിർമ്മലത്വം
ഉള്ളത്തിൽ നിന്നുമകന്നു പോയി
കാളീയനുള്ളിൽ ഫണം വിരിച്ചാൽ
കാളിന്ദിയാകെ കലങ്ങിയെന്നാൽ
കണ്ണന്റെ ചേവടി വന്നു വീഴും
കടമ്പിന്റെ കൊമ്പത്തു കണ്ണനുണ്ട്
കാലത്തിൻ നിശ്ചയമെന്നപോലെ
കർമ്മഫലങ്ങളാലെന്നപോലെ
കാലമനുകൂലമല്ലാതുള്ള
നാൾവരും ലോകനിയമമത്
എന്തിനു ചൊല്ലുന്നു ദേവയങ്ങും
എത്രമേൽ യാതന താണ്ടിവന്നു
ലോകം നയിയ്ക്കുന്ന ലോകേശനും
ലോകനിയമ വിധേയനല്ലൊ
സന്ധ്യ മറഞ്ഞു പുലരി വരും
രാവു മറഞ്ഞു പകലു വരും
ഇലകൾ കൊഴിഞ്ഞു തളിര് വരും
പിന്നെ വസന്തം വിരുന്നു വരും
പിന്നെ സുഗന്ധം വിതറിക്കൊണ്ട്
നിറവോടെ പൂക്കൾ ചിരിച്ചു നില്ക്കും.