രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഒരിക്കലും ചിന്തിച്ചിരുന്നില്ലൊരു,സ്വപ്നത്തിലെങ്കിലും കണ്ടതില്ല!ഒന്നുമറിഞ്ഞിരുന്നില്ലഞങ്ങൾ,അറിയുവാനൊട്ടു മുതിർന്നതുമില്ല!നേരം പുലരവേ പായുകയല്ലോ,കർത്തവ്യമെന്നൊരു ഭാരമേന്തി !അന്തിതെളിഞ്ഞിട്ടിരുട്ടു പരക്കവേ,മണ്ടിയണഞ്ഞു കൂരയിലെത്തും!വിയർപ്പിൻമണത്താലെത്തുമെന്നച്ഛൻ്റെ,അരികിലണഞ്ഞൊരുകുശലമില്ല!അകമുറിക്കോണിപ്പടഞ്ഞങ്ങിരിക്കുമല്ലോ,ഇളമുറിത്തിണ്ണയിൽ വിയർപ്പാറ്റിയച്ഛനിരിക്കും.ഗൗരവമേറുമാവദനത്തിൽ,എപ്പഴോ ചിരിപൂത്തതും കണ്ടിരുന്നു!എന്നിട്ടുമാകരം കവർന്നൊന്നു ചേർന്നിരിക്കാൻ,ഒന്നുമേയോതുവാനിച്ഛയണഞ്ഞതില്ല!ഇഷ്ടമേറെയുണ്ടായിരുന്നിട്ടു മറിഞ്ഞില്ലഞങ്ങൾ,ഇംഗിതമെല്ലാമമ്മയോടല്ലോചൊല്ലുവത്.ഇനിയൊരിക്കലുംമറിയില്ലഞങ്ങളാ-ഇടനെഞ്ചിലൊളിപ്പിച്ചൊരാ സ്നേഹവാത്സല്യം!എന്നുംപോകും പോലെപോയൊരച്ഛൻ,ഞങ്ങൾക്കു വഴിതേടിപോയതല്ലേ.ഇന്നുവഴിയറിയാതെയുഴറുന്നു ഞങ്ങൾ!നേരംപുലർന്നിട്ടും പോവാതെയച്ഛൻ?തെക്കേതൊടിയിലുറങ്ങയല്ലോ!!