രചന : മംഗളൻ. എസ് ✍
പാടാൻ മടിച്ചൊരു മൂക വിഷുപക്ഷി
പാട്ടുകൾ പാടിച്ചിറകടിച്ചു
പാടുന്നതെന്തിവനെന്നറിയാൻ നിത്യം
പാടും പതംഗങ്ങൾക്കാശ്ചര്യമായ്
പാടുന്ന പാട്ടെത്ര ഈണത്തിലെന്നോർത്തു
പാടാനവർ കൂടെക്കൂടുകയായ്
പാടാത്തൊരുവൻ്റെ പാട്ടുകേട്ടെന്തിനായ്
പക്ഷം പിടിക്കുന്നതെന്നു ചിലർ!
പാടാത്ത നീയിന്നു പാടാനെന്താണെടോ
പക്ഷിശ്രേഷ്ഠൻ വന്നു ചോദിക്കയായ്
പാട്ടുപാടിയേതോ ദിക്കുനോക്കിയവൻ
പാറിപ്പറന്നു തിടുക്കത്തിൽ പോയ്
പറവകളൊക്കെ കൂടെപ്പറന്നവൻ
പാടിയ പാട്ടിൻ പൊരുളുതേടി
പാറിപ്പറന്നവൻ ചെന്നു ചേക്കേറിയാ
പാടവരമ്പിലെ വൻമരത്തിൽ
പാതയോരത്തെക്കുളക്കരെയുള്ളൊരാ
പാലമരം പൂകി പക്ഷിവൃന്ദം
പതിയെ കീഴോട്ടവർ കണ്ണ് നട്ടു പിന്നെ
പാട്ടിൻ്റെയീണമങ്ങുച്ചത്തിലായ്
ചേറുകളഞ്ഞു കുളം വൃത്തിയാക്കുന്നു
ചേലിൽ ചെറുപ്പക്കാർ ശ്രീ മുഖന്മാർ
ചേറിൽ തൻദേഹം പുതഞ്ഞുനിന്നങ്ങനെ
ചേറിന്നഴുക്ക ഗന്ധം മറന്നു!
ചേലിലാ പക്ഷികൾ പാടിപ്പറയുന്നു
ചേക്കേറാനീയിടം ധന്യമല്ലോ
ചേരുന്നീക്കി കുളം ശുദ്ധിവരുത്തുന്നു
ചേലൊത്ത പൂമാന്മാർ ദൈവതുല്യർ
അന്നുതന്നാകുളം വൃത്തിവരുത്തിയോർ
അരികിലെ തോടും വീണ്ടെടുത്തു
അവിടുന്ന് പോകാൻ മടിച്ച ഖഗങ്ങളോ
അന്തിയോളം പാട്ടുപാടുകയായ്.
അന്തിക്കുമുമ്പേ കുളം തെളിനീരായി
അതിൽ മുങ്ങിപ്പൊങ്ങി പക്ഷിവൃന്ദം
അന്തിക്കു ചെമ്മാനം ചെമ്പട്ടണിഞ്ഞതും
അരുണൻ പവനെറിഞ്ഞാകുളത്തിൽ!
രാവേറെയായിപ്പോയ് നാട്ടാരുറങ്ങിപ്പോയ്
രാപ്പടിപോലുമുറങ്ങിപ്പോയി
രാവിന്നിരുട്ടിലാ മുച്ചക്ര വാഹനം
രാക്ഷസ രൂപത്തിൽ വന്നുചേർന്നു!
രണ്ടു ചെറുപ്പക്കാർ കണ്ടാൽ കറുമ്പന്മാർ
രണ്ടുപാണ്ടക്കെട്ടും കൈയിലുണ്ടേ
രക്തമിറ്റുന്ന മൃതാംഗങ്ങൾ പണ്ടങ്ങൾ
രണ്ടും കുളത്തിൽ കുടഞ്ഞിട്ടു പോയ്!
സൂര്യനുദിച്ചു പുലർകാലേയെങ്കിലും
സൂര്യാംശു മിന്നിത്തെളിഞ്ഞതില്ല
സൂര്യകിരണങ്ങൾ പുൽക്കൊടിത്തുമ്പിലെ
സൂഷ്മജലം വജ്രമാക്കിയില്ല
പാടാനൊരുങ്ങി ചിറകടിച്ചെങ്കിലും
പറവകൾ പാടാൻ മടിച്ചിരുന്നു
പാലമരം വിട്ടുപാഞ്ഞവർ മൂകരായ്
പാപികൾക്കായ് പാടും പക്ഷിയുണ്ടോ ?