വിട പറയുവാനെന്തെളുപ്പം
വിധിയെപ്പഴിക്കാനുമെന്തെളുപ്പം?
വഴിവിട്ട കളിയുമായ് വഴി നടന്നാൽ
വഴിമുട്ടി ജീവിതം സ്വയം തകരും

പറയുവാനേവർക്കും ഏന്തെളുപ്പം
പറയുന്നതിലും വേണ്ടേ തെല്ലു സത്യം
പഴിചാരിപ്പഴിചാരി വിധിയെ വികൃതമാക്കി
പരിഹാസ്യരാവുന്നത് ആർക്കു വേണ്ടി?

വിനചെയ്തു വിധിയെ പഴിക്കുന്നവരേ…
വിതക്കുന്ന വിത്തുകൾ പതിരാകരുത് !
വിയർക്കാതെ വിശക്കാതെ നാലുനേരം
വീർപ്പിച്ച വയറുമായ് നീ എവിടെയെത്തും?

നാലുനാളുള്ള നിൻ ജീവിതത്തിൽ
നാവ് നീ അറിയാതെ നീട്ടീടുമ്പോൾ
നോക്കി നിൽപ്പുണ്ട് നിൻ തലക്കുമീതെ
നിനക്കുള്ള ശിക്ഷയുമായ് കാലം പിന്നിൽ

അതു സ്വീകരിക്കുക രണ്ടു കയ്യും നീട്ടി
അവിടെ നീ ശരിതെറ്റുകൾ തിരിച്ചറിയും
അതിനു പകരം നീ വിധിയെപ്പഴിച്ച്
അധികപ്രസംഗം നടത്തി തകരരുതേ…

അളന്നു തൂക്കിയുള്ള നമ്മുടെ ജീവിതത്തിൽ
അളവു തെറ്റാതെ നാം സ്നേഹം പകർന്നാൽ
അതുമതി ജീവിതം മികച്ചതാവാൻ
അതുമാത്രമോർമ്മിപ്പിച്ചു ഞാൻ വിടപറയാം.

മോഹനൻ താഴത്തേതിൽ

By ivayana