മുറിവേറ്റ കാലിൻ്റെ വേദന താങ്ങതെ
മുറവിളികൂട്ടി ഞാൻ കുട്ടികളെപ്പോലെ
മുറിയ്ക്കുള്ളിൽ ചിലനേരമേകന്തനായി
മുടന്തി മുടന്തി ഞാൻ ദിവസങ്ങൾ നീക്കി!

മുറിവേറ്റ പതിയെ പരിചരിക്കാനായ്
മുടങ്ങാതെ അന്നവും മരുന്നുമേകീടാൻ
മുതുകിൽ ഭാരങ്ങളേറ്റി സഹധർമ്മിണി
മുട്ടൻ പണികളുമായി നെട്ടോട്ടമായി..!!

മുടക്കം വരാതെ തൻ കൂട്യോളെ നോക്കണം
മുറതെറ്റാതൗഷധാലത്തിലുമെത്തണം
മുടക്കമില്ലാതെ മരുന്നുകൾ നല്കണം
മുതുകത്തെ ഭാരമിറക്കുവാനാകാതെ!!

മുലകുടി മാറാത്ത പൈതലെപ്പോലെ ഞാൻ
മുറവിളി കൂട്ടുന്ന നേരങ്ങളെല്ലാമേ
മുതുകത്തെ ഭാരങ്ങളെല്ലാം മറന്നവൾ
മുഗ്‌ധയാമവളെന്നെ സാന്ത്വനിപ്പിക്കുന്നു!

മുലയൂട്ടുമമ്മതൻ താരാട്ടു പോലെന്നെ
മടിയിൽക്കിടത്തി താരാട്ടുകൾ പാടിയും
മുറജപം കേട്ടുപ്രസാദിച്ചരുളുന്ന
മൂർത്തിയെപ്പോലാക്കി മാറ്റുന്നിതവളെന്നെ!

മുടങ്ങാതെ നിത്യമെനിക്കവൾ നൽകിടും
മുനികന്യയെപ്പോലെ വരപ്രസാദങ്ങൾ
മുജ്ജന്മ സുഹൃതമായ് തണലേകിയെന്നിൽ
മുഗ്ദലാവണ്യമായ് നിറയുന്നവൾ നിത്യം!

By ivayana