സുരേഷ് കണ്ണമത്ത്*

പ്രിയദൃശ്യങ്ങളിൽചിലതൊക്കെയു-
മൊരു ചലച്ചിത്രത്തിലെന്നപോ-
ലേഴുനിറങ്ങളിൽ നിറഞ്ഞൊരു
ഗതകാലകാഴ്ച്ചയായ് തെളിയുന്നു.
വീർപ്പുമുട്ടുംകാത്തിരിപ്പിന്നൊടുവിൽ
മദ്ധ്യാഹ്നശേഷമുച്ചത്തിൽകൂട്ടമണി
മുഴങ്ങുമ്പോളാവേശഭരിതമായ്
ചങ്ങാതിക്കൂട്ടങ്ങളാർത്തലച്ചോടും,
തടയണപൊട്ടി പുഴയിലെവെള്ളം
കൂലംകുത്തിപ്പാഞ്ഞൊഴുകുമ്പോലെ.
പള്ളിക്കൂടംവിട്ടു തൻഗേഹം നീളും
മടക്കയാത്രയിലൊട്ടുദൂരമോടിയും
നടന്നും കൂട്ടരോടൊത്തുകളിച്ചും
ചിരിച്ചും തമ്മിൽ കലഹിച്ചുമിട-
യ്ക്കല്പനേരം തണലിലിളവേറ്റും
പിന്നെ തിടുക്കത്തിലെഴുന്നേറ്റാ
വഴിയോരം, കണ്ടനാട്ടുമാഞ്ചില്ലയി
ലായത്തിൽ ചെറുകല്ലെറിഞ്ഞും
കണിശമായ് കൊണ്ടിട്ടോ വാത്സല്യ-
മുള്ളിൽ പെരുത്തിട്ടോ ചോട്ടിൽ
പൊഴിച്ചിട്ട തേൻകനികളാമോദം
നിനക്കൊന്നെനിക്കൊന്നെന്നു
ചൊല്ലിത്തമ്മിൽ പങ്കിട്ടെടുത്തതും
മാസ്മരസൗരഭംനീട്ടിയഴകൊടു
കുലയിട്ടു നിൽക്കും പറങ്കി
മാങ്കൂട്ടവും, വവ്വാലുമണ്ണാറക്കണ്ണനു-
മാവോളമൂറി ബാക്കിവച്ചൊരാ
കശുവണ്ടി ചോട്ടിൽതിരഞ്ഞും,
കിട്ടിയതൊക്കെയും ഭദ്രമായ്
കീശയിൽ തിരുകിയടുത്തനാൾ
നാലുമുക്കിലെ പെട്ടിക്കടയിലായ്,
ചില്ലുഭരണിയിൽകൊതിപ്പിച്ച നാരങ്ങാ
മിഠായി വാങ്ങി നുണഞ്ഞതും
പുത്തൻപുസ്തകം മാറോടടുക്കി
വേഗത്തിൽ നീങ്ങവെയാരുടെ
കുസൃതിയോ, തലയ്ക്കു മീതെ
കൈക്കുടന്നയിൽ നീർകോരി
കുടഞ്ഞപോൽപ്പെട്ടെന്നു ചാറ്റൽമഴ
പൊട്ടിവീണതും, തൊടിയിലെവാഴ-
യിലയാൽ കുടയൊന്നു നീർത്തതും,
ചാലിട്ടൊഴുകിയകലക്കവെള്ളത്തിൽ
കണ്ണൻതോർത്തായത്തിൽ വീശി
കുഞ്ഞുപരൽമീൻ തിരഞ്ഞതും,
നോക്കിനിൽക്കും കളിത്തോഴിതൻ
കുതൂഹലമിഴികളാ മാനത്തുകണ്ണി
പോൽ തെന്നിപ്പിടച്ചതുമൊക്കെ
ക്കണ്ടുഞാൻ കൈകൊട്ടിച്ചിരിച്ചതും,
സഹർഷം കുഞ്ഞുദു:ഖങ്ങളെല്ലാം
സ്വയമേറ്റുവാങ്ങി പ്രിയബാലകർ-
ക്കായ് സൗഖ്യമരുളും, പൊട്ടിയിട-
യ്ക്കൊക്കെപ്പൊളിഞ്ഞമണ്ണതിരിലെ
തുമ്പുമടക്കിക്കുത്തിയ കൈതപ്പോളകളും,
ഇനിയുമുണ്ടേറെ നടക്കാൻ തോഴാ,
നിനക്കെന്നിടയ്ക്കോർമ്മിപ്പിയ്ക്കാ
നാവാംകുത്തിനോവിച്ചോരിടവഴി-
യിലെ മുനയുള്ള ചരൽക്കല്ലുകൾ,
കൂർത്തമുള്ളുകളുള്ളിലൊളിപ്പിച്ചു
നീണ്ടുകിടക്കും കണ്ണെത്താദൂരവും.
എല്ലാമെല്ലാമന്നത്തെപ്പോലിന്നു
മോർക്കുന്നു ഞാനീപശ്ചാത്തലത്തിൽ.
എത്ര മനോഹരമൊപ്പം മിഴി-
വാർന്നിന്നും കാണുമ്പോളതേ
ചിത്രങ്ങളുൾച്ചുമരിലെന്നോ
കോറിയിട്ടതാണെങ്കിലും സ്പഷ്ടം.

By ivayana