ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കവിത : റഫീഖ് പുളിഞ്ഞാൽ*

ഒറ്റക്കായപ്പോൾ ആകാശവുംകൂട്ടിനില്ലെന്നുതോന്നി.
ഓരോ ഇല്ലായ്മകളേയും അടുക്കിവെച്ച്
അയാളൊരുമുറി പണിയാൻതുടങ്ങി.
വേദനകൾകൊണ്ടതിനുചായമടിച്ചു,
ഏകാന്തതകൊണ്ട് തീൻമേശയൊരുക്കി.
നെടുവീർപ്പുകൊണ്ട്
ഊതികാച്ചിയ തീയിൽ
പൊള്ളിപ്പോയ
പ്രാണന്റെ അടയാളങ്ങളെ
തിരഞ്ഞുനോക്കി.
കിനാക്കളെനിവർത്തിയിട്ട്
അതിലയാൾ ഉറങ്ങാൻ കിടന്നു.
മേൽക്കൂരയില്ലാത്ത
മുറിക്ക്കാവലിരുന്ന
നക്ഷത്രങ്ങളെല്ലാം ഉറങ്ങിപ്പോയി.
കൂരിരുട്ടിന്റെ മൗനങ്ങളിൽ
അവന്റെനിശ്വാസങ്ങൾ പെരുമ്പറകൊട്ടി.
ഇരുട്ടിൽ പ്രസവിക്കുകയും
അവിടെത്തന്നെ മരിക്കുകയുംചെയ്യുന്ന
കുഞ്ഞുങ്ങൾക്കയാൾ ചിന്തകളെന്നുപേരിട്ടു.
ഭൂതകാലത്തിന്റെ കുത്തിനോവിക്കലിൽനിന്നുമിറങ്ങിയോടി
കിതപ്പുകൾ മൽപ്പിടുത്തംനടത്തുന്ന വർത്തമാനകാലത്തിലേക്കയാൾ വീണുകൊണ്ടിരുന്നു.

By ivayana