ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രമണി ചന്ദ്രശേഖരൻ*

ഞാനറിയാതെയെൻ കൈവിരൽത്തുമ്പീലൂടൊ-
ഴുകുന്നു പ്രണയത്തിൻ കാവ്യഭാവം.
ഞാനറിയാതെൻ ചുണ്ടിലായി മൂളുന്നു
മൂകമാം സ്നേഹത്തിൻ മന്ത്രഗീതം .

കുങ്കമസന്ധ്യതൻ നുണക്കുഴിക്കവിളിലെ
മായാത്ത നാണത്തിൻ ശോണിമയിൽ,
മുളങ്കുഴൽ ചുംബിച്ചുണർത്തുമെൻ ചുണ്ടിൽ
നിനക്കായി മൂളി മധുരഗീതം.

പാൽനിലാ പുഞ്ചിരി തൂകിയൊഴുകുമീ
പാതിരാപ്പൂവിന്നിതളുകളിൽ,
തുളുമ്പിത്തുടിക്കുന്നീ മഞ്ഞിൻ കണികയിൽ
ഞാനെന്റെ പ്രണയത്തിൻ മുദ്ര ചാർത്തി.

മകരന്ദമൊഴുകുന്ന രാവിൻ നെറുകയിൽ
മധുപാത്രമെങ്ങോ നിറഞ്ഞിടുമ്പോൾ,
മധുരസ്വപ്നത്തിൻ മലർവാടിയാകെ
പാറിപ്പറക്കുന്നെൻ മോഹങ്ങളും.

By ivayana