ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ദീപക് രാമൻ.

അത്തം പിറന്നോണമെത്തിടുമ്പോൾ
മക്കളീഅമ്മയെ ഓർത്തീടുമോ?
ഒപ്പം ഇരുന്നോണസദ്യയുണ്ണാൻ
ഇക്കുറിയെങ്കിലും വന്നീടുമോ…?

ഒറ്റക്കിരിക്കുന്ന നേരം, എന്റെ
മക്കളെ കാണാൻ മനംകൊതിക്കും.
നോവിൻ സുഖമുള്ളൊരോർമ്മയായ്
ഓമൽ കിടാങ്ങൾ അരികിലെത്തും

പാലൊളി പുഞ്ചിരിതൂകി ,അവ-
രോർമ്മയിൽ ഊഞ്ഞാലുകെട്ടിയാടും.
കാലേതൊടിയിലെ പൂ പറിക്കും,
അങ്കണം നീളേകളമൊരുക്കും

കുരവയിട്ടോണ-തുമ്പി തുള്ളും
പുത്തനുടുത്തോണസദ്യയുണ്ണും.
അമ്മ കൊടുക്കും ഉരുളയുണ്ണാൻ
ഉൽസാഹമോടവർ മൽസരിക്കും

ഒക്കെയും ഇന്നിൻ്റെ തോന്നലാണ്,
പോയ കലത്തിൻ്റെ ഓർമ്മയാണ്,
എത്രനാളോണത്തിനമ്മ കാണും
ഇക്കുറി എൻമക്കൾ വന്നീടുമോ?

താനേപറക്കുവാൻ ത്രാണിയായി
മക്കളീഅമ്മയെ എകയാക്കി
പെറ്റുവളർത്തിയ അമ്മയല്ലേ
നൊന്തുശപിക്കുവതെങ്ങനെ ഞാൻ

അത്തം പിറന്നോണമെത്തിടുമ്പോൾ
മക്കളീഅമ്മയെ ഓർത്തീടുമോ?
ഒപ്പം ഇരുന്നോണസദ്യയുണ്ണാൻ
ഇക്കുറിയെങ്കിലും വന്നീടുമോ…?

ദീപക് രാമൻ.

By ivayana