സാബു കൃഷ്ണൻ

എന്റെ ചെമ്പകത്തെ ഇപ്പോളൊന്നു കാണണം,
വളർന്ന് പന്തലിച്ച്‌ തലയിൽ വൈര കിരീടം ചൂടിയ ഒരു
രാഞ്ജിയെപ്പോലെ ശോഭിക്കുന്നു.ഇത്ര
മാത്രം പുഷ്ടിപ്പെടുമെന്നു ഞാൻ സ്വപ്നേ
പി വിചാരിച്ചില്ല.കഴിഞ്ഞ രണ്ട്‌ വർഷം
മുമ്പ് കണ്ട ചെടിയല്ല. വളമിട്ട് ദിവസവും
ജലസേചനം നടത്തുന്നതു കൊണ്ടുള്ള
മെച്ചമുണ്ട്.അതിന്റെ വളർച്ചക്ക് തടസ്സ
മായി നിന്ന ഒരു തെങ്ങും വേറെ ചില
പാഴ്മരങ്ങളും വെട്ടിക്കളഞ്ഞത് ചെമ്പ
കത്തിന് രക്ഷയായി.നേരത്തെ വല്ലപ്പോ
ഴും പൂത്താലായി.പൂക്കളാകട്ടെ ചന്തം
തികഞ്ഞവയുമല്ല.ഇപ്പോൾ തളിർത്തു
പൂത്ത് കുല കുലകളായി ചന്തം തികഞ്ഞു നിൽക്കുന്നു.
അവഗണിച്ചവർപോലും നോക്കി നിന്നുപോകും.
ആ പൂമേനി കണ്ട്‌ ആരും കണ്ടൊന്നു കണ്ണുവക്കും.
ചെമ്പക പൂക്കളുടെ സമൃദ്ധിയിൽ
നിറ കണ്മിഴി തൂകിയത് കനകക്കുന്ന്കൊട്ടാരവളപ്പിലാണ്.
വെള്ളചെമ്പകവുംപനിനീർചെമ്പകവുമായി
അഞ്ചെട്ടു മുറ്റിത്തഴച്ച മരങ്ങളാണ് കൊട്ടാര വളപ്പിൽപൂ ചൂടി നിൽക്കുന്നത്.
കുന്നിൻ ചെരുവിൽ നിറഞ്ഞ സൂര്യ പ്രകാശത്തിൽ പൂക്കളുടെഭംഗിയും
പൂങ്കാറ്റുംഅനിർവ്വചനീയമായ അനുഭവമാണ്.
എന്റെ തൊടിയിലെ അഴകും
ഐശ്വര്യവും ഇപ്പോൾ ചെമ്പക മരത്തി
നാണ്.മറ്റു ചെടികളൊക്കെ അതിന്റെ
നിഴൽ പറ്റിയാണ് നിൽക്കുന്നത്. അതിൽ
പ്രധാനം വർഷത്തിൽ രണ്ടു തവണ മാത്രം പൂക്കുന്ന ഒരു മരമുല്ലയും
എന്റെപാവം മന്ദാരവുമാണ്.മരമുല്ല പൂത്തു
മണം ചൊരിയുന്ന ,രണ്ടാഴ്ചക്കാലമാണ്
ചെമ്പകത്തിന്റെ പ്രതാപത്തിന് അൽപ്പ
മെങ്കിലും മങ്ങലേൽക്കുന്നത്.മന്താര
മാകട്ടെ ഒന്നിനോടും മത്സരിക്കാനില്ലാതെ
ഒരുകോണിൽ പരമ സാധുവായി നിൽക്കുന്നു.
അതിനെപ്പോഴും ഒരുദുഃഖഭാവമാണ്.
ഞാനെവിടെയോ വായിച്ചതിൽ
ഒരു വരി ഓർക്കുന്നു.”ദുഃഖത്തിൽ
വിരിഞ്ഞ മന്ദാര വിശുദ്ധി”.
ഈഴചെമ്പകത്തെ ഹൃദയം
കൊണ്ട് സ്നേഹിച്ച ഒരു മഹാനുഭാവ
നുണ്ടായിരുന്നു,കേരളീയ സമൂഹത്തി
ന്റെ പരിവർത്തനങ്ങൾക്ക്‌ ഗുണപരമായ
സംഭാവന നൽകിയ ഡോ: പൽപ്പു.
അദ്ദേഹത്തിന്റെ ആഗ്രഹം തന്റെ അന്ത്യ
വിശ്രമ സ്ഥാനത്ത് ഒരു ചെമ്പകത്തിന്റെ
സാന്നിധ്യമായിരുന്നു.ഒരു പൂവിന്റെ തലോ
ടലിൽ ,സൗരഭ്യത്തിന്റെ ഇളം തെന്നലിൽ
ആ ആത്മാവിന് നിദ്ര കൊള്ളാൻ… നന്ത
ങ്കോടുള്ള അദ്ദേഹത്തിന്റെ ശവകുടീ
രത്തിന് അരികിൽ നിൽക്കുമ്പോൾ
ആ കർമ്മ ചൈതന്യത്തിന്റെ വിശുദ്ധിയി
ൽ പൂ കൊഴിഞ്ഞു വീഴുന്നു.ഇടശേരിയുട
ഒരു വരി ഓർത്തു”തൂകിടായ്കത് ചിതാ
ശവങ്ങളിൽ പൂവുപോൽ അശുഭ നശ്വര
ങ്ങളിൽ” ചെമ്പകം പൂചാർത്തുന്നത്
അനശ്വരനായ കേരളത്തിലെപുത്രന്റെ
ആത്മാവിലേക്കാ ണ്.ചെടിയുടെ സാർത
കമായ കർമ്മം.അതിന്റെ സമൃദ്ധി കണ്ടാൽ,,
” പൂക്കാതിരിക്കാനാവില്ലെനിക്ക്‌ “എന്ന മട്ടാണ്.
ചെടികൾ പൂക്കുന്നത് കവികൾക്ക്‌
വേണ്ടിയാണോ?പൂവിനെപ്പറ്റി പാടാത്ത
കവികളുണ്ടോ ഭൂമിയിൽ.പൂമയം കാവ്യം
സുഗേയം.കാണുന്നപൂവിനെക്കാൾ
പാടുന്നപൂവിന് എന്തൊരു ഗരിമ.കാൽപ്പ
നികതയുടെ ഉദ്യാനപാലകർ-ഷെല്ലി,
കീറ്റ്സ്,ബ്രൗണിങ് അവർ മനസിൽ
അനശ്വരമായ പുഷ്പവാടി തീർത്തവർ
അവർ ഭാവനയുടെ പരകോടിയിൽ
നിറുത്തും, പ്രണയത്തിന്റെ പനിനീർ
ചെടി തരും.കാമിനി ഹൃദയത്തിന്റെ
ചില്ലയിൽ നിന്ന്‌ ഒരു പൂ അടർത്തി തരും.
എന്നിട്ട് ഒരു നോട്ടം,ജീവിതത്തിന്റെ
അവസാനം വരെ ഓർമ്മിക്കുവാനുള്ള
ഒരു നോട്ടം.ഇത്‌ കവിതയുടെ ഒരനുഗ്രഹമാണ്.
പ്രണയത്തിന്റെ പൊൻ നൂലുകൾ ഹൃദയങ്ങളെ
തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായകവിതകൾ.
മരുഭൂമിയെപ്പോലും അലർവാടിയാര
ചിക്കുന്ന സ്വർഗ്ഗീയ സ്നേഹം.ശോണിമ
ഇറ്റു വീഴുന്ന കവിതകൾ,തീക്കനൽ പോലെ ജ്വലിക്കുന്ന ഇതളുകൾ,
കോർത്ത മാല്യങ്ങൾ. പുഷ്‌കിന്റെ
കവിതകളിൽ വിടർന്ന ഉജ്വലഭാവത്തിന്റ
അമൃത കണികയിൽ ഒരു ജനതയുടെ
ആത്മ ബോധം ഉണർന്നു.പുഷ്കിന്റെ
കവിതകൾ വാടാത്ത,പഴകും തോറും
കൂടുതൽ കൂടുതൽ മണമുള്ള പൂക്കളാ
യിരുന്നു.
കുമാരനാശാന്റെ കവിതകളിൽ
പൂക്കളും പുഷ്പഗന്ധവും നിറഞ്ഞിരുന്നു.
ആശാന്റെ ഭാവനയിൽ പൂക്കുന്ന തേന്മാ
വും പൂക്കുന്ന ഇലഞ്ഞിയും അശോകവും
ആ കവിതയിൽ കാണുന്നു.അമ്പിളിക്കു
തുമ്പപ്പൂവിന്റെ നിറം നൽകുന്നു.”തുമ്പപ്പൂ
വിലും തൂമയെഴും നിലാവമ്പിളി പൊങ്ങി
നിൽക്കുന്നു “എന്നും,ഉദയക്കതിരിനെ
“രാജമല്ലി പൂത്തു വിടരും പോലെ” എന്നും
ഭാവന ചെയ്യുന്നു.വീണപൂവുമായിട്ടാണ്
ആശാൻ വരവറിയിക്കുന്നത്.ഏതു
പൂവാണ് ആശാന്റെ മുമ്പിൽ വീണത്?
വീഴുന്ന എല്ലാ പൂക്കളിലും ആശാന്റെ
മനസലിവുണ്ടായി.”അല്ലെങ്കിൽ നാമയി
സ്വാദരരല്ലേ “എന്നാണ് പൂവിനോട് ആശാൻ പറയുന്നത്.
വീണ പൂവിന്റെനശ്വരതയിലല്ല,പിന്നെയും സുമേരുവി
ൻമേൽ പുനർജനിക്കുന്ന അനശ്വരത
യിലാണ് ആശാന്റെ അന്തർവീക്ഷണം
സാഭല്യമടയുന്നത്.”ഹാ ശാന്തി ഔപനിഷദോക്തി തന്നെ നൽകും എന്നത് പൂവിന്റ ജന്മ സാഫല്യമാണ്.
ജോസഫ് മുണ്ടശ്ശേരിയുടെ ഒരുപ്രബന്ധമുണ്ടല്ലോ
“.തോന്നയ്ക്കൽ കണ്ടകാഴ്ച.”അതിൽ ഒരു പൂക്കാഴ്ചയുണ്ടായിരുന്നു.
ചൈനീസ് പെഗോഡയുടെ വാസ്തു ശിൽപ്പം.
പൂക്കളുടെ സ്നേഹഗായകന് ആരാമത്തിന്റെ വാസന്തശ്രീ,
അതൊക്കെ മുണ്ടശ്ശേരിയുടെ കല്പിതാ
ശയമാണ്.മുണ്ടശ്ശേരിയുടെ ഉപന്യാസം
വായിച്ച് തോന്നയ്ക്കൽ കാഴ്ച കാണാൻ
പോയ ഞാൻ ആദ്യം തിരഞ്ഞത് ലീലാ
കാവ്യത്തിന്റെ പിറവിക്ക് പിന്നിലെ
ചെമ്പക മരമായിരുന്നു.മരത്തിന്റെ ചുവടെ നിൽക്കുമ്പോൾ അത്‌ മരമല്ല
ആശാന്റെ ലീലയാണെന്നു തോന്നിപ്പോ
യി.കവിയുടെ പൂമുറ്റം നിറയെ ചുവന്ന
പരവതാനി പോലെ “വീണ പൂക്കൾ.”
അതിൽ ഒരു പൂവ് ഞാൻ കൈയിലെടു
ത്തപ്പോൾ കവി തൂലിക പിടിച്ച വിരൽ
ത്തുമ്പിൽ തൊട്ട പോലെ.ദേഹമാകെ
കോരിചരുത്തി നിർവൃതിയിൽ മുഴുകി
നിന്നു.അതിന്റെ പ്രചോദനത്തിൽ ആ
വർഷത്തെ ആശാൻ ജയന്തിക്ക് ഞാനൊരു ലേഖനമെഴുതി.”ആശാൻ
കവിയുംകലാപകാരിയും”എന്ന പേരിൽ
ആശനെക്കുറിച്ചു ഞാനെഴുതിയ ആദ്യ
ലേഖനം.അത്‌ കേരള കൗമുദി പത്രത്തി
ൽ ,എഡിറ്റോറിയൽ കോളത്തിൽ പ്രസി
ദ്ധീകരിച്ചു.അക്കാലത്ത് ഞാനെഴുതിയ
നിരവധി ലേഖനങ്ങൾ പത്രം പ്രസിദ്ധീക
രിച്ചിരുന്നു.എന്നോട് വാത്സല്യം കാട്ടിയ
പ്രിയപ്പെട്ട പത്രാധിപർ എം.എസ്‌ മണി
സാറിനെ നന്ദിയോടെ സ്മരിക്കുന്നു.
കെ.പി അപ്പന്റെ പ്രകോപനങ്ങളുടെ പുസ്തകം എന്ന കൃതിയിൽ
“ആശാൻ കവിതയിലെ ഫ്‌ളവർ ഷോ”
എന്നൊരുപന്ന്യാസമുണ്ട്,അതിൽ പൂവു
കളോടുള്ള ആശാന്റെ മമതാ ബന്ധമാ
ണ് ഉപന്യസിക്കുന്നത്.നളിനിയും ലീലയും
ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ ആശാന്റെ
പൂക്കാലത്തെപ്പറ്റി ഞാൻ വിവരിച്ചു കൊടുക്കും.
പഠന വഴിയിൽ എനിക്ക്
ആശയങ്ങളുടെ സമൃദ്ധിയുണ്ടാകന്നത്
അപ്പന്റെ ഈ ചെറു ലേഖനമാണ്.നളിനി
യ്ക്കും ലീലക്കും ആശാനെഴുതിയ മുഖ
വുരയിൽ നളിനി ഒരു താമരപ്പൂവും
ലീല ഒരു ചെമ്പകപ്പൂവുമാണെന്നു പറ
ഞ്ഞു.താമരപ്പൂവ് ശാന്തമായ സുഗന്ധം
തരുന്ന പൂവാണെന്നും ,ലീല പ്രകടമായ
സൗരഭ്യവും ഉജ്വലമായ കാന്തിയുമുള്ള
പൂവാണെന്നാണ് കവി വിശേഷിപ്പിച്ചത്.
നളിനവും രവിയും സങ്കൽപ്പത്തിൽ ഒരാത്മ സമർപ്പണമാണ്.
സൂര്യ ശോഭയിൽ വിടരുന്ന പൂവ്.പ്രകൃതി പ്രതിഭാസങ്ങളിലൂടെ മനുഷ്യ ദർശനം.
നല്ല ഹൈമവത ഭൂവിൽ ഗിരിശ്രുംഗങ്ങൾക്കിടയിലൂടെ മുഖം കാണിക്കുന്ന
ഉദയ സൂര്യൻ. സൂര്യ കിരണം തട്ടി വിടരുന്ന പത്മം.പൂവിന്റെ ആത്മഹർഷമാണത്.
നളിനിയുടെ ലക്ഷ്യവും ദിവാകരനെ കണ്ടെത്തലായിരുന്നു.നളിനിക്ക്‌ ഒരു
സ്നേഹം എന്നുള്ള പേരുകൂടി കവിനൽകിയിരുന്നു.പ്രേമം…
സ്നേഹം മനുഷ്യമനസ്സുകളുടെ പരസ്പരഐക്യം.
ആത്മബന്ധം.താമര സൂര്യനഭിമുഖമായി തണ്ടുലഞ്ഞു ചായും പോലെ ,
നളിനി ദിവകരന്റെ കൈകളിലേക്ക് ചായുന്നു.ഒരു
നാദം മറ്റൊരു നാദത്തിൽ ലയിക്കും
പോലെ.ഒരു പ്രകാശം മറ്റൊരു പ്രകാശ
ത്തിൽ ലയിക്കുന്ന പോലെ നളിനി ദിവാ
കരന്മാരുടെ ആത്മാക്കളുടെ ലയനം
നടക്കുന്നു.മാംസാനിബദ്ധമായാ ലേ
സ്നേഹം പൂർണമാകൂഎന്നതി
നപ്പുറം ,മാംസ നിബദ്ധമല്ല രാഗം എന്ന
പ്രണയ സങ്കല്പത്തിലേക്ക് ആശാന്റെ
തൂലിക നളിനി കാവ്യത്തിലേക്ക് അധ്യാത്മികമായ പരിമളം പരത്തുന്നു.
താമരപ്പൂവിന്റെ ശാന്തമായ പരിമളം.
ലീലയിലേക്ക് തിരിയുമ്പോൾ,ചെമ്പക
പ്പൂവിന്റെ സുഗന്ധവും ഭംഗിയും ,രൂക്ഷ
ഗന്ധം മറ്റുപ്രാണികളെ തന്നിൽ നിന്ന
കറ്റുന്നു.ഒരു ഭൃംഗത്തെ മാത്രം അതു
കാമുകനായി സ്വീകരിക്കുന്നു.ലീല
ചെമ്പകപ്പൂ പോലെ മനോജ്ഞ സൗന്ദ
ര്യം നിറഞ്ഞവളായിരുന്നു.അവളുടെ
അനുരാഗം മദനനോടയിരുന്നു.പിതാവും
വിധിയും ഇരുവരെയും അകറ്റി.വിരഹ
വേദനയാനുഭവിക്കുന്ന കാമുകീ കാമുകന്മാരുടെ മനസ്സിലൂടെയായാണ്
ആശാന്റെ തൂലിക വ്യാപരിക്കുന്നത്.
നിർബന്ധിതമായ ഒരു ദാമ്പത്യത്തിലേക്ക്
ലീല പ്രവേശിക്കുന്നു.ശരീരം ജഡം പോലെ ,മനസ്സിൽ മദനൻ!
വനാരാജിയുടെ വിമൂഖതയിൽ ലീലാകാവ്യതിന്റെ
അനുപമ കലാസൗന്ദര്യം.രേവാ നദിയുടെ
ആഴങ്ങളിൽ കൂപ്പു കുത്തുന്ന മദനന്റെ
അന്ത്യം.ലീലയും രേവയിലേക്ക് മദനന്റെ
ആത്മാവ് തേടി പോകുന്നു.
പ്രണയത്തിന്റെ പരകോടിയിൽ സുമേരുവിൽ
ആത്മ ചേതനകളായി ,മിന്നുമുടുക്ക
ളായി പ്രേയസികൾ മലയാള കാവ്യ
ചക്രവാളത്തിൽ ചെമ്പക ദീപ്തിയോടെ
വിരാജിക്കുന്നു.
ഈഴചെമ്പകം നെഞ്ചിലേറ്റിയ
ഡോ:പാൽപ്പു. തൂലികയിൽ ചെമ്പക
വിസ്മയം തീർത്ത ആശാൻ.അവരെ
ക്കുറിച്ചുള്ള സ്മരണയാണ് ഞാൻ നട്ട
ചെമ്പകം.ഒരീഴ ചെമ്പകം.ഈഴചമ്പകം
ഈഴത്തു നാട്ടിൽ നിന്നു വന്നു.മരതക
ദ്വീപിൽ നിന്ന്‌.ഈഴവരും സിലോണിൽ
നിന്നു വന്നവരാണെന്നു ചരിത്ര കാരൻ
മാർ പറയുന്നു.ഈഴവർ വന്നപ്പോൾ
കല്പവൃക്ഷവും പനിനീർചെമ്പകവും
കൊണ്ടു വന്നിട്ടുണ്ടാകാം,കേരം തിങ്ങും
കേരള നാട് ഈഴവ ചരിത്രവുമായി
ബന്ധപ്പെട്ടാവാം.എന്റെ ചെമ്പക ചോട്ടിൽ
ഈഴചമ്പത്തിന്റെ സ്മരണയിൽ നൂറ്റാണ്ടുകളുടെ താളുകൾ മറിയുന്നു
എന്റെ ചെമ്പകംപരദേശിയായി എന്റെമുറ്റത്തു നിൽക്കുന്നു.

By ivayana