ലോകജനതയെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ്  സംഹാര താണ്ഡവം ആടി ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ന്യൂയോർക്കിൽ അധികാരികൾ കാര്യമായ നിയന്ത്രണങ്ങൾക്ക് തയ്യാറായില്ല എന്നത് നിരാശാജനകമായ വസ്തുതയാണ്.  സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്ന് അധികാരികൾ നിർദ്ദേശിച്ചെങ്കിലും  പ്രായോഗികമായി അത് നടപ്പിലാക്കാൻ കഴിയാത്ത പൊതുഗതാഗത സംവിധാനങ്ങളായ സബ് വേ ട്രെയിൻ സർവ്വീസും ബസ് സർവ്വീസും നിർബാധം തുടരുന്നത് വൈറസ് വ്യാപനം രൂക്ഷമാകുവാൻ  വഴിയൊരുക്കി. 

കൊറോണ വൈറസിൻ്റെ വ്യാപനം തടയുന്നതിനായി ന്യുയോർക്ക് സിറ്റിയിലെ പൊതുഗതാഗത സംവിധാനമായ സബ് വേ ഉടൻ താൽകാലികമായി അടച്ചിടണമെന്ന്  നാല് സിറ്റി കൗൺസിൽ അംഗങ്ങൾ ഗവർണർ കോമോയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. 

“ന്യൂയോർക്കിലെ കോവിഡ് 19-ൻ്റെ വ്യാപനം തടയുന്നതിന് പൊതുഗതാഗത സംവിധാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”  സിറ്റി കൗൺസിൽ അംഗങ്ങളായ റോബർട്ട് ഹോൾഡൻ, എറിക്  ഉൾറിച്ച്, മാർക്ക്  ഗൊണാജ്, പീറ്റർ  കൂ എന്നിവർ ഗവർണർ കോമോയ്ക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. യാത്രക്കാർ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന സബ് വേ ട്രെയിൻ ഗതാഗതം സാമൂഹിക അകലം പാലിക്കാൻ സാധിക്കാതെ രോഗ വ്യാപനത്തിന് ഇടയാക്കുന്നു എന്ന് തുടക്കം മുതലേ പരാതി ഉയർന്നിരുന്നു. എന്നാൽ ഇതിൻ്റെ  നിയന്ത്രണത്തിൽ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് അധികാരികൾ തയ്യാറായില്ല എന്നത് നിരാശാജനകമായിരുന്നു. 

എം.ടി.എ ജോലിക്കാർക്ക് ആവശ്യത്തിനുള്ള സുരക്ഷാ കവചങ്ങളുടെ അഭാവവും,  ട്രെയിൻ ഷെഡുളുകളുടെ കുറവുമൂലം സർവ്വീസ് നടത്തുന്ന ട്രെയിനുകളിലെ യാത്രക്കാരുടെ തിരക്കും,  ഭവനരഹിതരായവർ  ട്രെയിൻ കമ്പാർട്ട്മെൻറുകളിൽ തമ്പടിക്കുന്നതും രോഗവ്യാപനം വർദ്ധിക്കുന്നതിന്  ഇടയാക്കുന്നതായി കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. എം.ടി.എ ഉദ്യോഗസ്ഥർ ഒരു മാസ്കും ഒരു ജോഡി ഗ്ലൗസും ഉപയോഗിച്ച് ആഴ്ചകളോളം ജോലി ചെയ്യേണ്ട അവസ്ഥയാണെന്നും അതിനാൽ കോവിഡ് 19 ബാധയിൽ ധാരാളം എം.ടി.എ ജോലിക്കാർ മരണപ്പെടുന്നു എന്നും അവർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഇതു വരെ കോവിഡ് 19 രോഗംമൂലം 68 എം.ടി.എ ഉദ്യേഗസ്ഥർ മരണപ്പെട്ടതായും 2,496 പേർ രോഗബാധിതരായതായും 4,365 പേർ ക്വാറൻടൈൻ നിരീക്ഷണത്തിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. “നിലവിലുള്ള കോവിഡ് 19 രോഗബാധിതരുടെ കണക്കുകൾ പരിഗണിച്ചാൽ  ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സംവിധാനം കോവിഡ് വ്യാപനത്തിൻ്റെ മുഖ്യ വേദിയായി മാറുന്നു.  അതിനാൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും താല്ക്കാലികമായി അടച്ചിട്ട് ട്രെയിനുകളും ബസ്സുകളും ട്രെയിൻ സ്റ്റേഷനുകളും ശക്തമായി രോഗവിമുക്തമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു” – ഗവർണർക്കുള്ള കത്തിൽ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ മേൽ പറഞ്ഞ കൗൺസിൽ അംഗങ്ങൾ ഈ ആവശ്യങ്ങൾ ഗവർണർ മുമ്പാകെ ഉന്നയിച്ചത്  മലയാളിയുടെ നിർബന്ധത്തിലാണെന്നത് ശ്രദ്ധേയമാണ്. ജസ്റ്റീസ് ഫോർ ഓൾ എന്ന സംഘടനയുടെ സെക്രട്ടറിയും ക്യൂൻസിലെ സാമൂഹിക പ്രവർത്തകനുമായ കോശി ഉമ്മനും  ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ്  ഡയറക്ടർ മാത്യുകുട്ടി ഈശോയും സംയുക്തമായി ഒരു മാസമായി നടത്തി വരുന്ന സിഗ്‌നേച്ചർ  ക്യാമ്പെയിനിലൂടെ പൊതുജനങ്ങളുടെ വികാരം കൗൺസിൽ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാലാണ്  അവർ ഗവർണർക്ക്  ഇത്തരം കത്തെഴുതാൻ തയ്യാറായത്.   “കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പൊതുഗതാഗത സംവിധാനങ്ങളായ ട്രെയിൻ, ബസ്, ടാക്സി എന്നീ സർവ്വീസുകൾ ന്യൂയോർക്കിൽ ഉടൻ താല്ക്കാലികമായി  നിർത്തലാക്കണം” എന്ന് ആവശ്യപ്പെട്ട് ഇവർ നടത്തിയ സിഗ്‌നേച്ചർ ക്യാമ്പെയിനിൽ 1300 ന്യൂയോർക്ക് നിവാസികൾ പെറ്റീഷൻ ഒപ്പിട്ട് നല്കിയിരുന്നു. ഏകദേശം 7000-ൽ അധികം പേർ  പിൻതുണക്കുകയും 1300 പേർ ഒപ്പിടുകയും ചെയ്ത പെറ്റീഷൻ ഗവർണർ കോമോയ്ക്കും സെനറ്റർമാർക്കും കൗൺസിൽ അംഗങ്ങൾക്കും  കോശി ഉമ്മൻ ഫോർവേർഡ് ചെയതിരുന്നു.

ന്യൂയോർക്കിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതു മുതൽ കോശി ഉമ്മൻ കൗൺസിൽ അംഗങ്ങളുമായി ചർച്ച നടത്തുകയും മറ്റ് പല വേദികളിൽ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. അതിൻ്റെ പശ്ചാത്തലത്തിലാണ് നാല് കൗൺസിൽ അംഗങ്ങൾ ചേർന്ന് ഗവർണർക്ക് കത്തയച്ചത്. ക്യൂൻസ് ഇൻഡ്യ  ഡേ പരേഡ് കമ്മറ്റി, വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൺ എന്നി  സംഘടനകളുടെ വൈസ് ചെയർമാനും ക്യൂൻസിലെ ഡമോകാറ്റിക് പാർട്ടി പ്രവർത്തകനുമായ കോശി ഉമ്മൻ ഈ  പെറ്റീഷൻ ക്യാമ്പയിനിൽ സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി.  

“ഈ മഹാവിപത്തിന് അറുതി വരുത്തുവാൻ സിറ്റിയും സ്റ്റേറ്റും കൂട്ടായി സഹകരിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” എന്നും ഗവർണർക്കുള്ള കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ സബ്വേ അടച്ചിടുന്നത് അപകടകരവും ഭയാനകവും ആയിരിക്കുമെന്നാണ്  എം.ടി.എ വക്താവ്  ഷാംസ്  ടറെക്  അഭിപ്രായപ്പെട്ടത്.

കോവിഡ് 19 രോഗബാധ ന്യൂയോർക്കിൽ  സ്ഥിരീകരിച്ച   രോഗബാധിതർ 230,000 കടക്കുകയും മരണ നിരക്ക്  13,500 ൽ അധികമായി ദിനംപ്രതി വർദ്ധിച്ചു   വരുകയും ചെയ്യുന്ന  സാഹചര്യത്തിൽ പൊതുഗതാഗതം ലോക്ക് ഡൗൺ ചെയ്യുന്ന കാര്യം ഗവർണർ ഗൗരവമായി പരിഗണിക്കുമെന്നാണ്  വിശ്വസിക്കുന്നതെന്ന്  കോശി ഉമ്മൻ പ്രത്യാശ പ്രകടിപ്പിച്ചു.  രോഗ വ്യാപനത്തിന് വേദിയായ പൊതുഗതാഗതം ഉപേക്ഷിക്കണമെന്നും, സിറ്റിയിൽ  ഫ്രീ പാർക്കിംഗ്‌ സംവിധാനം ഏർപ്പെടുത്തണമെന്ന് അധികാരികളോടും ഉദ്യോഗസ്ഥ സ്ഥാപനങ്ങളോടും ആവശ്യപ്പെടണമെന്നും, രോഗവ്യാപനം തടയുന്നതിന് ആവശ്യമായ  നടപടികൾ സ്വീകരിച്ച് നമ്മളെയും നമ്മുടെ കുടുംബാംഗങ്ങളെയും മാരകമായ  ഈ വൈറസിൽ നിന്നും രക്ഷിക്കണമെന്ന്  കൂട്ടായ ശബ്ദത്തിലൂടെ ഗവർണർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളോട്  ആവശ്യപ്പെടണമെന്നും പൊതുജനങ്ങളോടും  അത്യാവശ്യ സർവ്വീസ് ഉദ്യോഗസ്ഥരോടും പൊതു പ്രവർത്തകനായ കോശി ഉമ്മൻ ആഹ്വാനം ചെയ്യുന്നു.    

By ivayana