മനുഷ്യരോട് തെറ്റ് ചെയ്‌താൽ അതിനു പരിഹാരമുണ്ട് . ദൈവത്തോട് നന്ദി കേടു കാണിച്ചാലും ദൈവം ക്ഷമിച്ചേക്കാം, പക്ഷെ പ്രകൃതിയോടുള്ള , മിണ്ടാപ്രാണികളായ ജീവികളോടുള്ള ക്രൂരത മാപ്പർഹിക്കാത്ത ഒന്നാണ്‌. ഇന്ത്യൻ സംസ്കൃതിയിലും പ്രവാചകവചനങ്ങളിലും പ്രകൃതിയെ മൃഗങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ മഹത്വം ഊന്നി പറയുന്നുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങളും ഇതേ മനസ്സുള്ളവരാണ്. എന്നിട്ടും നമ്മുടെ കേരളത്തിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ..?

ക്രൂരമായ ഈ ലോകത്തെക്ക് സഹോദരീ നീ തിരിഞ്ഞുനോക്കരുത്. നിന്റെ കഷ്ടപ്പാടുകള്‍ അവസാനിച്ചു, നിന്റെ ആത്മാവ് ഇപ്പോള്‍ സ്വതന്ത്രയാണ്’. എന്റെ വർഗ്ഗത്തിൽ പെട്ട മനുഷ്യർ ഗർഭിണിയായ ഒരു പൂച്ചയെ കഴുത്തിൽ കുരുക്കിട്ട് തൂക്കി കൊല്ലുന്ന ക്രൂരന്മാരാണ്. വിശപ്പു മാറ്റാൻ അന്നം മോഷ്ടിച്ച മധു എന്ന മനോനില തെറ്റിയ ആദിവാസി യുവാവിനെ കൂട്ടം ചേർന്നു തല്ലി കൊല്ലുന്നവരാണ്. സ്വന്തം ഭാര്യയെ കരിമൂർഖനെ കൊണ്ടുവന്നു കടിപ്പിച്ചു കൊല്ലുന്ന സമാനതകൾ ഇല്ലാത്ത ക്രൂരരാണ്. കാമവെറി തീർക്കാൻ സ്വന്തം കുഞ്ഞിനെ പോലും കടൽഭിത്തിയിൽ തലയടിച്ചു കൊല്ലുന്നവരാണ്. കാമുകനുമൊത്ത് ജീവിക്കാൻ ആ കാമുകനെയും കൂട്ടി സ്വന്തം അമ്മയേയും ഭർത്താവിനെയും ക്രൂരമായി വെട്ടിതുണ്ടമാക്കാൻ മനസ്സുള്ളവരാണ്. സാത്താൻ സേവക്ക് തടസ്സം നിന്ന മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുന്നവരാണ് ഞങ്ങൾ. സ്വത്തിനു വേണ്ടി ഒരു കുടുംബത്തെ ഒന്നടങ്കം കൊന്നൊടുക്കിയ സയനേഡ് ചേടത്തിമാർ അടങ്ങുന്നതാണ് മനുഷ്യർ. പ്ലസ്‌ടുവിൽ പഠിക്കുന്ന സഹപാഠിയെ നിസ്സാര കാര്യത്തിന് തലക്കടിച്ചു കൊന്നു കുഴിച്ചു മൂടാൻ മടിയില്ലാത്തവരാണ്. മദ്യലഹരിയിൽ സ്വന്തം അച്ഛനെയും അമ്മയെയും വരെ കൊലപ്പെടുത്തിയ മലയാളികളാണ് ഞങ്ങൾ. അങ്ങനെയുള്ള മനുഷ്യർ തന്നെയാണ് ഗർഭിണിയായ നിനക്ക് കൈതച്ചക്കയിൽ പടക്കം പൊതിഞ്ഞു നൽകി നിന്നെ ക്രൂരമായി കൊന്നത്.

നീ എല്ലാവരെയും വിശ്വസിച്ചു. അതാണ് നീ അവർ നൽകിയ പൈനാപ്പിൾ ഒരു മടിയും കൂടാതെ വാങ്ങികഴിച്ചതും. കഴിച്ച പൈനാപ്പിൾ പൊട്ടിത്തെറിച്ചപ്പോൾ, നീ സ്വന്തം ജീവനെ ഓർത്താവില്ല വിഷമിച്ചതും.? മറിച്ച് 18 മാസത്തിനുള്ളിൽ നീ പ്രസവിക്കാൻ പോകുന്ന നിന്റെ കുട്ടിയെക്കുറിച്ചാവണം നിന്റെ ചിന്തകൾ അത്രയും. ഇക്കഴിഞ്ഞ ബുധനാഴ്ച രണ്ടു മാസം ഗർഭിണിയായ നിന്നോട് മനസ്സു തകർക്കുന്ന ഈ കൊടും ക്രൂരത മലപ്പുറം ജില്ലയിലെ ഏതോ ചിലരാണ് കാണിച്ചത്. പൈനാപ്പിളിനുള്ളിൽ പടക്കം വച്ചു ചതിയിൽ നിനക്ക് നൽകിയത് സ്നേഹം കൊണ്ടെന്ന് ഓർത്താവണം നീ ഭക്ഷിച്ചത്. വായിൽ വച്ചു നടന്ന സ്ഫോടനം താങ്ങാൻ കഴിയാതെ പാവം നീ പുഴയിൽ ഇറങ്ങി പ്രാണവേദനയോടെ വയറ്റിൽ കിടക്കുന്ന കുരുന്നു ജീവനോടൊപ്പം വെള്ളത്തിൽ ചരിഞ്ഞു… വായും മുഖവും ഗുരുതരമായി വെന്തു പോയിട്ടും ഒരാളെയും ഉപദ്രവിക്കാതെ നീ പുഴയിൽ തന്നെ നിന്നാണ് അന്ത്യശ്വാസം വലിച്ചത്.

വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റ നിന്റെ കഥ ഹൃദയവേദനയാണ്. ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയ നിന്റെ വാർത്ത വേദനാജനകമാണ് പെണ്ണെ. അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ നീ പക്ഷെ ആരെയും ഉപദ്രവിച്ചില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളിൽ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയിൽ ഇറങ്ങി വായ വെള്ളത്തിൽ താഴ്ത്തി വെറുതെ നിന്നു.
വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കിൽ ഈച്ചകളിൽ നിന്നും രക്ഷപെടാനോ ആയിരിക്കാം നീ അങ്ങനെ ചെയ്തത്. രക്ഷാ പ്രവർത്തനം നടത്തി നിന്നെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും നീ വെള്ളത്തിൽ നിന്നും കയറാൻ തയ്യാറായില്ല…

ഒടുവിൽ നിന്ന നില്പിൽ നീ ചരിഞ്ഞു.
ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌ മോർട്ടം നടത്തിയ ഡോക്ടർ മറ്റൊന്ന് കൂടി കണ്ടെത്തി. നിന്റെ വയറ്റിൽ ഒരു കുഞ്ഞുണ്ടായിരുന്നു എന്ന്. മനുഷ്യനോളം ക്രൂരനായ മറ്റൊരു ജന്തുവും ഞാൻ ഈ ഭൂമിയിൽ ഇന്നോളം കണ്ടിട്ടില്ല. പുഴുങ്ങിയ മുട്ടയിൽ ബ്ലേഡ് തരികളും മൊട്ടു സൂചിയും നിറച്ചു തെരുവ് നായ്ക്കൾക്ക് നൽകിയത് ഒരിക്കൽ വാർത്ത കണ്ടിരിന്നു. അതിർത്തി കടന്ന് വരുന്ന അറവ് മാടുകൾ അനുഭവിക്കുന്ന കൊടും ക്രൂരതകൾ നമ്മൾ പലപ്പോഴും എഴുതിയിട്ടുണ്ട്. പക്ഷെ എല്ലാം തന്റെ കാൽകീഴിൽ ആണെന് അഹങ്കരിച്ച മനുഷ്യർക്ക് ഒന്നു കാണാൻ പോലും സാധിക്കാത്ത ഒരു വൈറസിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. കൊറോണയല്ല ഏതു തരം വൈറസ് വന്നാലും നന്നാവില്ല മനുഷ്യർ.
ഈ ക്രൂരകൃത്യത്തിന് മുന്നിൽ ഒരു മനുഷ്യനായി ജനിച്ചതിൽ ലജ്ജിക്കുന്നു…

അന്ത്യപ്രണാമം….!!

Mahin Cochin

By ivayana