കല്ല്യാണത്തലേന്ന്,
വരൻ ബൈജുവിൻ്റെ വീട്…

രാത്രി, പത്തര കഴിഞ്ഞിരിക്കുന്നു.
വീടിന്നോടു ചേർന്ന പറമ്പിലെ,
തലേദിവസ സൽക്കാരം,
അതിൻ്റെ പൂർണ്ണതയിലേക്കെത്തിയിരിക്കുന്നു.
കലവറയിൽ,
നാളെ ഉച്ചതിരിഞ്ഞു വെള്ളേപ്പത്തിൻ്റെ കൂടെ കൊടുക്കാനുള്ള ചിക്കൻ കറിയുടെ ആദ്യപടിയായി,
ചിക്കൻ വറുക്കാൻ തുടങ്ങിയിരിക്കുന്നു.
പാചകക്കാരൻ സദാനന്ദൻ,
വലിയ ഉരുളിയിൽ കോഴിക്കഷണങ്ങൾ വറുത്തു കോരുന്നു.
നല്ല മസാല ഗന്ധം,
ഇരുമ്പു മേശകൾ കൂട്ടിയിട്ടു അതിൻമേലിരുന്നു റമ്മി കളിക്കുന്ന സന്തുബന്ധുക്കൾ.
അടിക്ക് നൂറു രൂപയാണ്.
ഇരുന്നൂറ്റിപ്പത്തെത്താനൊന്നും നേരമില്ല.
കളങ്ങളിലേക്ക് പതിമൂന്നു ചീട്ടുകൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു.
കല്യാണപ്പന്തലാകെ നിറകൊണ്ട ബീഡിയുടേയും,
വൈഫൈ ബ്രാണ്ടിയുടേയും ഗന്ധം.

‘മാജിക് മോമെൻ്റ്’ നാലാമത്തെ പെഗ് അണ്ണാക്കിലേക്കു കമിഴ്ത്തിക്കഴിഞ്ഞപ്പോൾ കൂട്ടുകാരിലൊരാൾ ബൈജുവിൻ്റെ കൈപിടിച്ചു തടഞ്ഞു.

” മതീടാ, ബൈജൂ,
നാളെ പുലർച്ചേ എഴുന്നേൽക്കണ്ടതല്ലേ,
ഇപ്പോൾ തന്നെ പാതിരയാകാറായി.
നീ പോയി കിടന്നോ,
അല്ലെങ്കിൽ, നാളെ വീഡിയോയിൽ കണ്ണെല്ലാം ചുവന്നു കലങ്ങിയിരിക്കും.
നാളെ, വൈകുന്നേരം നീ പെണ്ണിൻ്റെ വീട്ടിലാകും ട്ടാ,
ഞങ്ങള്, നീയും പെണ്ണും പോയിക്കഴിഞ്ഞ് നാളെ രാത്രി ഈ പന്തൽ ഒരൊന്നൊന്നര പന്തലാക്കും.
നാളെ ഇതേ നേരത്ത്, എന്തായിരിക്കും കളി..?
നീ സാധനം കരുതീട്ടില്ലേ,
ഫ്ലേവറാ നല്ലത്.
ഓൺലൈനിന്നു വാങ്ങി വച്ചിട്ടില്ലേ…?
ഇല്ലെങ്കിൽ ഞാൻ തരാം.”

ബൈജു ചിരിച്ചു.

” സാധനം, ഓൺലൈനീന്നും,
ഗവർമെൻ്റിൻ്റെ ലോക്കലും കരുതീട്ടുണ്ട്.
പക്ഷേ, അതല്ല ടെൻഷൻ…
എൻ്റടത്തു ഒരാൾ മുട്ടിക്കൂടി കെടക്കണത് എനിക്കിഷ്ടല്ല്യാന്നു നിനക്കറിഞ്ഞൂടെ..
അതും, അവളുടെ വീട്ടിൽ…
എന്തുണ്ടാവുന്ന് കണ്ടറിയണം…
ഒരു കാര്യം ഉറപ്പാ,
നാളെ, പെണ്ണിനെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ കെട്ടിപ്പിടിക്കും..
ഉമ്മ വക്കും ചെയ്യും”

ബൈജുവിൻ്റെ മൂക്കിൽ നിന്നും, സിഗരറ്റുപുക വളയങ്ങളായി നിർഗ്ഗമിച്ചു.

പെണ്ണിൻ്റെ വീട് –

വധു രജിതയും കൂട്ടുകാരും മയിലാഞ്ചിയിടുന്നതിൻ്റെ തിരക്കിലാണ്.
രജിതയുടെ കൈപ്പടവും, തണ്ടകളും മയിലാഞ്ചിയാൽ അലംകൃതമായിരിക്കുന്നു.
കൂട്ടുകാരി മായയുടെ കുന്നായ്മ…

“ഡീ, രജിതേ,
മോളു കെടന്നൊറങ്ങാൻ നോക്ക്യേ..
നാളെയും മിക്കവാറും ഉറക്കെളക്കേണ്ടി വരും.
ആ ചെക്കന്, കല്ല്യാണ നിശ്ചയത്തിൻ്റെയന്നു തന്നേ വല്ല്യ ആക്രാന്തായിരുന്നൂന്നാ തോന്നണേ,
ഭയങ്കര നോട്ടായിരുന്നു, നിന്നെ…
അതും നെഞ്ചത്തേക്ക്…
നാളെ ജോറാവും….
ഒരു സമ്പൂർണ്ണ വെട്ടിനിരത്തൽ നടത്തീട്ടില്ലേ…?
അതോ, ഞാൻ പോയി സംഗതികൾ കൊണ്ടുവരണോ…?”

രജിതയൊന്നു ചൂളി.

” ൻ്റെ മായേച്ചീ, ഒന്നുപോയെ…
നിങ്ങടെ അനുഭവകഥകൾ പറഞ്ഞു പേടിപ്പിക്കല്ലേ,
ഞാനൊരു പാവം കന്യകയല്ലേ…”

മായ അവളേ, പൂണ്ടടക്കം പുണർന്നു.

“നാളെ, ചിലപ്പോൾ ഈ നേരത്ത്,
ചിലർക്ക് ചിലതെല്ലാം നഷ്ടപ്പെടും,
അല്ലേ രജിക്കുട്ട്യേ…?”

“പേടിപ്പിക്കല്ലേ പിശാശേ….”

രജിത കുറുങ്ങി…

പ്രഥമരാത്രി –

ബൈജു, രജിതയുടെ വീടിൻ്റെ ചായ്പ്പിലേ മണിയറയിൽ രജിതയേയും കാത്തിരുന്നു.
സമയം രാത്രി പത്തര കഴിഞ്ഞിരിക്കുന്നു.
ഇന്നലത്തേ ഉറക്കം തീരെ ശരിയായില്ല.
ഇന്നു പുലർച്ചേ എഴുന്നേറ്റപ്പോൾ മുതൽ വീഡിയോക്കാരുടെ മുന്നിലേ കളിപ്പാട്ടമാകാനായിരുന്നു വിധി.
കാമറായും ലൈറ്റുകളും പകർന്ന തലവേദന ചില്ലറയല്ലാ.
ഈ കിടക്ക പുതിയതാണെന്ന് അറിയിക്കാനാണോ,
ഇതിൻ്റെ പ്ലാസ്റ്റിക് കവർ മാറ്റാഞ്ഞത്.
ഒന്നനങ്ങുമ്പോൾ പോലും, കിരുകിരു ശബ്ദം അപ്പുറത്തേ ഹാളിലേക്കെത്തും.
ഓടുമേഞ്ഞ വീടിൻ്റെ ദൗർബ്ബല്യം.

ഈശ്വരാ,
ഈ മുറിക്ക് അറ്റാച്ച്ഡ് ബാത്ത് റൂം പോലുമില്ലല്ലോ…
താൻ കിടക്കാൻ പോരുമ്പോൾ തന്നേ പത്തിരുപത് ബന്ധുക്കൾ,
അവരിൽ വലിപ്പവും ഇളപ്പവും എല്ലാവരുമുണ്ട്.
ഹാളിൽ നിരന്നു കിടപ്പുണ്ട്.
അവരേ മറികടന്നു പോയി വേണം, ബാത്ത്റൂമിൽ പോകാൻ…

“എൻ്റെ ഈശ്വരാ,
എനിക്കു മുള്ളാൻ മുട്ടല്ലേ…”

ബൈജു പ്രാർത്ഥനയിൽ മുഴുകി.
കിടപ്പുമുറിയുടെ ജാലകം മെല്ലേ തുറന്നു.
പച്ചക്കറി സദ്യയുടെ കാലംതെറ്റിയ കുഴഞ്ഞമണം നാസികത്തുമ്പിലേക്കു വിരുന്നുവന്നു.
സ്റ്റൂവിൻ്റെ, ഓലൻ്റെ, കാളൻ്റെ, പച്ചടിയുടെ, കിച്ചടിയുടെ, എരിശ്ശേരിയുടെ, പുളിശ്ശേരിയുടെ രൂക്ഷഗന്ധം…

“ഈശ്വരാ, ഒന്നര പെഗ് കിട്ടിയിരുന്നെങ്കിൽ, ഈ തളർച്ചയൊന്നു മാറിയേനേ”

ബൈജു മനസ്സിലോർത്തു.
പൊടുന്നനേ മൊബൈൽ ഫോൺ ശബ്ദിച്ചു.
നാട്ടിൽ നിന്നും കൂട്ടുകാരാണ്.
ഒക്കേ, നല്ല ഫിറ്റാണ്…
എല്ലാവർക്കും ഒരേ ചോദ്യം,

” തുടങ്ങ്യാ അളിയാ…?”

ബൈജൂന് ചിരി വന്നു.

” ഇല്ലെടാ, കിടക്കാൻ പൂവ്വാ…
നാളെ കാണാം ട്ടാ…”

അവൻ മൊബൈൽ ഫോണിനെ സൈലൻ്റ് മോഡിലാക്കി.

കാത്തിരിപ്പിനൊടുവിൽ രജിതയെത്തി,
ഒന്നാം സാരിക്കും,
രണ്ടാം സാരിക്കും അവധി കൊടുത്ത്, അവളൊരു ഷോർട്ടോപ്പ് ചുരിദാറിലാണ് വരവ്.
ആലഭാരങ്ങളില്ലാത്ത വരവിൽ,
പെണ്ണ് കൂടുതൽ സുന്ദരിയായിരിക്കുന്നു.

പാല് ഷെയർ ചെയ്തു കുടിച്ചു…

” രജിതക്ക്, നല്ലോണം ഒറക്കം വരണുണ്ടല്ലോ,
ഒറങ്ങീക്കോ…
വർത്താനമൊക്കെ നാളെ പറയാം…
നേരത്തേ എണീറ്റതല്ലേ ക്ഷീണം കാണും..”

കേട്ടപാതി, കേൾക്കാത്തപാതി അവൾ ചുവരരികിനോടു ചേർന്നു കിടന്നു.
അവളുടെ ഉച്ഛാസത്തിൻ്റെ ചൂടേൽക്കുമ്പോൾ മനസ്സിലൊരു സംഭ്രമം…

നോക്കിയിരിക്കേ രജിത ഉറക്കമായി.
കിടപ്പുമുറിയുടെ അരണ്ട വെളിച്ചത്തിൽ, പാതി വാ തുറന്നു കിടക്കുന്ന അവളേ കണ്ടപ്പോൾ പേടി തോന്നി.

“പണ്ടാരം, ചത്തോ ..?”
മനസ്സു പുലമ്പി…

തെല്ലുനേരം കഴിഞ്ഞില്ല,
അവളുടെ കൂർക്കം വലിയാരംഭിച്ചു.
മഹാരാഷ്ട്രയിലേ കണ്ടാല ചുരം കയറുന്ന ട്രക്കിനേയും,
തൊട്ടപ്പുറത്തേ ബാലൻ ചേട്ടൻ്റെ പോർക്ക് ഫാമിനേയും ഓർമ്മിപ്പിക്കുന്ന കൂർക്കം വലി…

ഉറക്കം വരണില്ലാ…
മൂത്രം മുള്ളാൻ മുട്ടണൂണ്ട്..
ഹാളിലൂടെയുള്ള പോക്ക് അചിന്ത്യം തന്നേ,
പതുക്കേ എഴുന്നേറ്റ് മുറിയുടെ ഒരു ജനൽപ്പാളി തുറന്നു.
‘ഭാഗ്യം’
അരയ്ക്കൊപ്പമാണ് ജനലയുടെ ഉയരം…
ഒഴിയുന്ന ആശ്വാസത്തിൽ, ജനാലയോടു ചേർന്നു നിൽക്കേ പൊടുന്നനേയാണ് ആ അലർച്ച കേട്ടത്…

“ഈശ്വര… പെരപെര പേ…”

മൂത്രമൊഴി പാതിയിൽ നിർത്തി, തിരിഞ്ഞു നോക്കുമ്പോൾ,
കട്ടിലിൽ രജിത എഴുന്നേറ്റിരിപ്പുണ്ട്…
കണ്ണു തുറന്നിട്ടില്ല..
തല മാന്തുന്നുണ്ട്…

ദൈവമേ, ഇവൾക്കു സോമ്നാംബുലിസവുമുണ്ടോ…?

അവൾ വീണ്ടും കിടന്നുറങ്ങി…
അവളുടെ വീടിൻ്റെ സ്വസ്ഥതയിൽ….

ചെയ്ത പ്രവർത്തി പൂർത്തിയാക്കി,
ബൈജു അവൾക്കരികിൽ വന്നു കിടന്നു.
എപ്പളോ ഉറങ്ങിപ്പോയി….

മൊബൈൽ ഫോൺ ചിലച്ചപ്പോഴാണ് ബൈജു ഉണർന്നത്.
രജിത എഴുന്നേറ്റു പോയിരുന്നു.
ഡിസ്പ്ലേയിൽ നോക്കി,
കൂട്ടുകാരനാണ്…
ഫോണെടുത്തു…

“എങ്ങനെയുണ്ടായിരുന്നു,
ഫ്ലേവർ എത്രണ്ണം എടുത്തു…?”

മറുതലക്കലേ ചോദ്യങ്ങൾക്കു മുന്നിൽ ബൈജു ഒന്നു പകച്ചു.
പിന്നേ, മറുപടി പറഞ്ഞു.

” പൊരിച്ചു ഗഡീ,
ബാക്കിയെല്ലാം വന്നിട്ടു പറയാം…”

ബൈജു ഫോൺ വച്ചു.
ഉരിഞ്ഞു പോയ ഉടുമുണ്ട് തപ്പിയെടുത്ത് മേലോട്ടു നോക്കിക്കിടക്കുമ്പോൾ അവനാഗ്രഹിച്ചു.

” ഇത്തിരി കട്ടൻ ചായ കിട്ടീങ്ങ്യേ..”

നേരം, പരപരാ വെളുത്തിരുന്നു….

By ivayana