നന്ദിയോടൊന്ന് സ്മരിക്കുന്നു ഞാനിന്ന്
കൺകണ്ട ദൈവമാ മെന്റെ പിതാവിനെ..

ജന്മം തന്നെന്നെ തോളിൽ കിടത്തി
താരാട്ടു പാട്ടുകൾ പാടിയുറക്കി…

തേച്ചുകുളിപ്പിച്ചു തോർത്തിത്തുടച്ചു
സ്നേഹാതിരേകത്താൽ വാരിപ്പുണർന്നു..

ചീപ്പിമിനുക്കിയെൻ മുടിയിൽത്തലോടി
നെറുകെയിൽ വാത്സല്യ മുദ്രകൾ ചാർത്തി..

കൈയിൽ പിടിച്ചെന്നെ പിച്ച നടത്തി
അന്ന വസ്ത്രാദികൾ തന്നു വളർത്തി..

നല്ല ശീലങ്ങൾ പഠിപ്പിച്ചു പിന്നെ
പാഠങ്ങളെല്ലാം പഠിപ്പിച്ചെടുത്തു..

പടവുകളോരോന്ന് കയറുന്ന നേരം
കരുതലായ് നീയെന്റെ പിന്നിൽ നിറഞ്ഞു..

എന്റെ ദേഹത്തിൻ വളർച്ചയിലും,
പാഠമോരോന്നും ഞാൻ പഠിച്ചതിലും,
ഓരോ പടവു ഞാൻ കയറുമ്പോഴും
പിന്നിലായിരം തുള്ളി വിയർപ്പിൻ ഗന്ധം..

ആരുടേതാവാമാ വിയർപ്പിന്റെ തുള്ളികൾ ..
അച്ഛന്റെ ചോര നീരായി, വിയർപ്പായി മാറിയോ..

കാതങ്ങളെത്ര അകലെയാണിന്നു നീ
ആ വാത്സല്യമിന്നുമെൻ നെഞ്ചകം പേറുന്നു..

സംവത്സരങ്ങൾ കഴിഞ്ഞിട്ടുമിന്നുമാ
നല്ല വിയർപ്പിന്റെ ഗന്ധം നുകർന്നു ഞാൻ..

അച്ഛന്റെ ത്യാഗമാ സ്നേഹത്തിൻ മുത്തുകൾ
നന്ദിയോടല്ലാതെ ഓർക്കുവാനാകുമോ..

കരുതലായ് സംരക്ഷണമായ് ചൊരിഞ്ഞൊരാ
സ്നേപ്പൂ മുത്തു വിയർപ്പിൻ മണികളെ..

ആദരവോടെന്നും മക്കൾ സ്മരിക്കട്ടെ സ്നേഹക്കുടയാകും അച്ഛന്റെ വാത്സല്യം.

(മംഗളൻ) .

By ivayana