മദ്യപാനിയുടെ മുറിവുകൾ
സ്ഥാനം തെറ്റിയ
അസ്ഥിമടക്കുകളിലിരുന്നു
ശബ്ബ്‌ദമില്ലാത്ത വേദനകളെ
ഉറുമ്പരിക്കാനിടുന്നു..

വരി തെറ്റിയ ഉറുമ്പുകൾ
അലർച്ചകൾ
തലയിലേറി
വഴുതി നടക്കുന്നു.

വരണ്ട ചുണ്ടുകൾക്കിടയിൽ
വാറ്റികുറുക്കിയ
ഒരു ചിരി കറ പിടിച്ചിരുപ്പുണ്ട്.

ചിരി ആർത്തലയ്ക്കുന്ന
പൊട്ടിക്കരച്ചിലുകളിലേക്ക്
ആടിയാടി നടന്നു പോകും

മുഷിഞ്ഞു കീറിയ കുപ്പായത്തിലുണ്ട്
അലക്കി നിവരാത്ത
തോൽവിത്തഴമ്പുകൾ..

തലയറ്റ തോൽവികൾ
മണ്ണിലേക്കിഴഞ്ഞു വീഴുന്നു

നിവർന്നു നിൽക്കുന്ന
ഉറച്ച കാലുകൾ ഉള്ള
പകലുകൾ

മദ്യപാനിയുടെ
ഇരുണ്ട നേരുകളിൽ
നിഴലുകൾ പടർത്തുന്നു..

ഇളകുന്നതും
ചെറുതും വലുതുമാകുന്നതുമായ
നിഴലുകളിൽ

ഉപേക്ഷിക്കപ്പെട്ട
കടത്തിണ്ണകൾ
സ്വബോധം മായ്ഞ്ഞു കിടക്കുന്നു.

തനിക്ക് ചുറ്റും കുഴഞ്ഞാടുന്ന
കീഴ്ക്കാം തൂക്കുകളെ

സൂര്യനുദിക്കാത്ത
പകലുകളെ

തെന്നിമാറുന്ന
ഭൂമിയെ

ഊർന്നു വീഴുന്ന
സമയസൂചികളെ

പുക പിടിച്ച ഇരുളിനെ

മദ്യപാനിയുടെ
മുറിവുകൾ
തുറന്ന വായിലൂടെ
നുരച്ചൊഴുക്കുന്നു..

By ivayana