ലേഖനം : ബേബി മാത്യു അടിമാലി✍

“പരമാർത്ഥത്തിൽ പരനും ഞാനും ഭവാനു മോന്നല്ലീ ! തത്വമസി . അദ്വൈത ദർശനത്തിന്റെ ആധുനിക ആചാര്യൻ.
ശ്രി നാരായണ ഗുരുവിന്റെ 168 – മത് ജയന്തി ദിനത്തിനു മുന്നിൽ നിൽക്കുമ്പോൾ ആ യുഗ പുരുഷനെ നമ്മൾ എത്രമാത്രം അറിഞ്ഞു മനസിലാക്കി തെറ്റായി വായിച്ചു എന്ന് ചിന്തിക്കേണ്ടതാണ്. ആ കർമ്മയോഗി ഈ നാടിന്റെ നവീകരണത്തിനും ശുദ്ധീകരണത്തിനും പുരോഗതിക്കുമായി സാക്ഷാത്കരിച്ച മഹത്തായ നേതൃത്വം ചരിത്രത്തിന്റെ ഭാഗമാണെന്നു നമുക്ക് കാണാൻ കഴിയും.


ഹൃദയത്തിൽ വിശുദ്ധിയുടെ സുവർണ്ണ മുദ്രയുള്ള ഒരാൾ കാലത്തിൽ പ്രവേശിക്കുമ്പോൾ ചരിത്രം വഴിമാറി നടക്കുവാൻ തുടങ്ങുന്നു. ചാതുർവർണ്യത്തിന്റെ അധികാര ഘടനയ്ക്കു കീഴിൽ സവർണ മേധാവിത്വം നാടു വാണിരുന്ന ഇരുണ്ട കാലം മറക്കാറായിട്ടില്ല.


ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വിഭജിച്ചു. കീഴ് ജാതിക്കാർക്കു പൊതു വഴികളിൽ പ്രവേശിക്കാനോ വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കാനോ സ്വാതന്ത്ര്യം ലഭിച്ചില്ല. വേദം കേൾക്കുന്ന ശൂദ്രന്റെ കാതിൽ
ഈയമുരുകിയൊഴിക്കണമെന്നും ചൊല്ലുന്ന നിയമമുണ്ടായി.
ഈ ലോകത്തുള്ള എല്ലാ ജാതി വ്യത്യാസങ്ങളും ഈ ഭൂമിയെ വികൃതമാക്കുന്നു എന്ന് ഗുരു പറയുന്നു. പകരം എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യത്വമാണ് വേണ്ടത്. മനുഷ്യർ തമ്മിലുള്ള ഭേദങ്ങൾ അവസാനിപ്പിച്ചാൽ പിന്നെ ജാതികൾക്കും മതത്തിനും , ബഹുദൈവങ്ങൾക്കും പ്രസക്തി കാണില്ല . ഗുരു മനസിൽ കണ്ട ഏകലോകം എന്ന ആശയത്തിന് ലോകം മുഴുവൻ പ്രാധാന്യമുണ്ട്.


ആധുനിക ഭാരതം കണ്ട എറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിയും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണ ഗുരു (1856 – 1928) .
” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്നതും
” അവനവനാത്മ സുഖത്തിനാചരിക്കുന്ന വയപരന് സുഖത്തിനായ് വരേണം: എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിത ലക്ഷ്യംവും .
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണ് കൊല്ലവർഷം 1032 ചിങ്ങം അഞ്ചിന് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കൊച്ചുവിളയിൽ മാടൻ ഒരു സംസ്കൃത അദ്ധ്യാപകനായിരുന്നു. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.


ജീവിതത്തിൽ അവധൂതവഴി തെരഞ്ഞെടുത്തുകൊണ്ട് അതികഠിനമായ തപസ്ചര്യകളിലൂടെ ഗുരു സഞ്ചരിച്ച ദൂരം കേരളത്തിലെ സമൂഹിക ചരിത്രത്തിലെ സംക്രമണകാലമാണ് . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് പ്രാകൃതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു ജന സമൂഹത്തെയും ആ ഇരുണ്ട കാലത്തെത്തന്നെയും ഗുരു തന്റെ കർമ്മയോഗം കൊണ്ട് നവീകരിക്കുകയും ശുദ്ധീകരിക്കുകയും പ്രബുദ്ധമാക്കുകയും ചെയ്തു.


അധ്യാത്മീകതയും ലൗകീകതയും സംയോജിപ്പിക്കുന്ന ഒരു ദാർശനിക വീക്ഷണം ഗുരു ലോകത്തിനു നൽകി . വിജനകാന്താരങ്ങളിലെ ഏതെങ്കിലും ഇരുളടഞ്ഞ ഗുഹയിൽ തപസ്സനുഷ്ഠിച്ച് സ്വന്തം മോക്ഷം മാത്രം കാംക്ഷിക്കുകയല്ല മറിച്ച് തന്റെ കാലത്തിന്റെ ജീർണതകൾ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ പൊതുവായ ക്ഷേമത്തിനു വേണ്ടി ഗുരു തന്റെ ആത്മ തപസ്സ് സമർപ്പിച്ചു.


ജനിച്ച സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി മാത്രമല്ല ഗുരു തന്റെ കർമ്മയോഗം സമർപ്പിച്ചത്. സകല മനുഷ്യർക്കും പുതിയ ജീവിത വീക്ഷണവും നവചൈതന്യവും കൈവരിക്കുവാൻ ഒരു പുതിയ മാനവ സംസ്ക്കാരം ഗുരു ഉയർത്തി കൊണ്ടുവന്നു. ഗുരുവിനെ നവോദ്ധാനത്തിന്റെ പിതാവെന്നും യുഗപുരുഷൻ എന്നുമൊക്കെ വിളിക്കുന്നതിന്റെ യുക്തിയതാണ്.


“മതമേതായാലും മനുഷ്യൻ നന്നായാൽ മതി ” എന്നാണ് ഗുരു പഠിപ്പിച്ചത്. “മതമേതായാലും ” എന്നതിനർത്ഥം മതത്തിലല്ല ഊന്നൽ, മനുഷ്യനിലാണ് , മനുഷ്യൻ നന്നാവുക എന്നതാണ് പ്രധാനം. മതമേതന്നത് പ്രസക്തമല്ല.
ഗുരുവിന്റെ “ജാതിയില്ലാ വിളബരം ” വന്നത് 1916 ലാണ് . ഗുരുവിന് അറുപത് വയസ്സായ ഘട്ടം. അതേ വർഷം തന്നെയാണ് ഗുരുവിനെക്കുറിച്ചുള്ള ഏററവും ഉൽകൃഷ്ടമായ കവിത കുമരനാശാൻ എഴുതിയത്. “അന്ധത്വമില്ലാതാക്കി നേരാം വഴി കാട്ടുന്ന ആൾ ” എന്നാണ് ആശാൻ ഗുരുവിനെ വിശേഷിപ്പിച്ചത്. ആ വിശേഷണത്തിലുണ്ട് ഗുരുവിന്റെ യഥാർത്ഥ സത്ത.


ഗുരു ഇല്ലാതാക്കിയ അന്ധത്വം തിരികെ കൊണ്ടുവരാൻ വലിയ പരിശ്രമങ്ങൾ നടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഈ ഘട്ടത്തിൽ നാം ചെയ്യേണ്ടത് , പഴയ അന്ധകാരയുഗത്തെ തിരിച്ചുവരാൻ ഒരിക്കലും ഞങ്ങൾ അനുവദിക്കില്ല എന്ന പ്രതിജ്ഞയെടുക്കലാണ്.


“തനിക്കു ജാതിയില്ല ” എന്ന പ്രഖ്യാപനത്തിന് അത്രയേറെ പ്രാധാന്യം ഗുരു നൽകിയിരുന്നു. ആ പ്രാധാന്യം ഉൾക്കൊള്ളാൻ ഇനിയെങ്കിലും നമുക്ക് കഴിയണം. അപ്പോഴെ ഗുരു വിഭാവനം ചെയ്ത വിശ്വ മാനവികതയെ മനസ്സിലാക്കാൻ കഴിയു .
അധ:സ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നൽകി മുഖ്യധാരയിലേക്കുയർത്തിയ ഗുരുവിന്റെ വചനങ്ങൾ ഇന്നും കാലിക പ്രസക്തമാണ്. ഏല്ലാത്തരം സാമൂഹിക തിന്മകൾക്കും ഏതിരെയുള്ള പോരാട്ടമായിരുന്നു ഗുരവിന്റെ ജീവിതം . വർത്തമാന കാലഘട്ടത്തിൽ നാം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ഗുരുവിന്റെ ദർശനങ്ങളെ ആശ്രയിക്കുകയാണ് പോംവഴി.
യുഗ പുരുഷൻ ശ്രീ നാരായണ ഗുരുവിന്റെ പാവനസ്മരണയ്ക്കു മുൻപിൽ നമസ്ക്കരിച്ചു കൊണ്ട് …….👏

ബേബി മാത്യു അടിമാലി

By ivayana