രചന : കൃഷ്ണമോഹൻ കെ പി ✍
ദിവ്യ സങ്കല്പ പുഷ്പങ്ങൾ നിന്നുടെ
നവ്യമാകും കിരണങ്ങളായിതാ
ഭവ്യതയോടെ ഭൂമി തൻ മേനിയിൽ
കാവ്യഭംഗിയൊരുക്കുന്നു ഭാസ്ക്കരാ
നമ്ര ശീർഷരായ് നില്ക്കും ചരാചരം
കർമ്മചാരി നിൻ മുന്നിൽ പ്രഭാകരാ
നിർമ്മല ചിത്തമോടേയുരുവിടും
നന്മയോലും വിഭാത മന്ത്രധ്വനി
മസൃണമാകും മേഘജാലങ്ങളിൽ
ഹൃസ്വചിത്രം രചിക്കുന്നു നിന്നുടെ
സൽക്കിരണങ്ങളെന്നും പ്രഭാതത്തിൽ
ചിത്രഭാനു നീ സാർവഭൗമൻ സദാ
ഇറ്റു നില്ക്കുന്ന മഞ്ഞിൻ കണങ്ങളിൽ
ചെറ്റു നേരം നിൻ ദൃഷ്ടി പതിയുമ്പോൾ
മുറ്റുമീ ലോക സൗന്ദര്യമാകവേ
പറ്റി നില്ക്കുന്നു വാർമഴവില്ലുപോൽ
സാമ്യമില്ലാത്ത സൗന്ദര്യമേകുന്നു
സൂര്യ, നിൻ പ്രഭ ഭൂമിക്കു നിത്യവും
സോമസോദരനാകും സവിതാവേ
സേവിച്ചീടുന്നു നിന്നെ സകലരും🌝

