രചന : ജിഷ കെ ✍
ഞങ്ങളുടെ ദൈവത്തെ അവർ മോഷ്ടിച്ചു…
ഞങ്ങളുടെ വേദനകളും അത്താഴപട്ടിണികളും
വെളിച്ചെമെന്ന പ്രതീക്ഷയും
ആരൊക്കെയോ ചേർന്ന് പങ്ക് വെച്ചു…
ഇരുളിന് മറുവശം
ഞങ്ങൾ ഉറക്കം അണച്ചു വെച്ച്
അതിന്
കാവൽ കിടക്കുന്നു
ഞങ്ങളുടെ സ്വപ്നങ്ങളിൽ
വറ്റി പ്പോയ വീഞ്ഞു ഭരണികളും
വിജനമായ വിവാഹ പ്പന്തലുകളും മാത്രം
ആഘോഷങ്ങളിൽ നിന്നും പുറം തള്ളപ്പെട്ട
ഞങ്ങളുടെ തിരു മുറിവുകൾ
ഉയിർപ്പുകൾ ഇല്ലാതെ
നാട് നീളെ ഇലമുളച്ചികൾ പോലെ
പടർന്നു പന്തലിക്കുന്നു..
വേദനയുടെ നീരുറവകൾ
മൃഗതൃഷ്ണ പോലെ
ഞങ്ങളെ വിഭ്രമപ്പെടുത്തുകയും
കൊടും കാറ്റിനാൽ
വേരുകൾ ദ്രവിച്ച ഞങ്ങളുടെ
ഇടറുന്ന കാൽപ്പാദങ്ങളെ
പിഴുതെ റിയുകയും ചെയ്യുന്നു…
സുഖപ്പെ ടുത്താ വുന്ന മാറാവ്യാധികൾ
ഞങ്ങളുടെ മാത്രം
സാക്ഷ്യപ്പെടുത്തലുകളാൽ
കൂടുതൽ തിളങ്ങുന്ന അൽത്താരകൾ
ഞങ്ങളുടെ കുമ്പസാരക്കിണറുകൾ
ആരോ തീറെഴുതി വാങ്ങിയിരിക്കുന്നു…
ഞങ്ങളുടെ പ്രാർത്ഥനകളുടെ ഉടയോനെ…
നിരാലംബരുടെ
ദൈവത്തിനെ
അവർ കവർന്നു കടന്നു കളഞ്ഞിരിക്കുന്നു…
ഞങ്ങളിൽ പുൽക്കൂടെരിയും പോലെ
ഉപേക്ഷിക്കപ്പെട്ട
ആട്ടിൻ പറ്റങ്ങളുടെ
നിശ്വാസങ്ങൾ പുകഞ്ഞു കത്തുന്നു…
കുന്നിൻ ചെരുവിലെ
ആ നക്ഷത്രത്തെ
കാണാൻ ഉള്ള കണ്ണുകൾ
അടഞ്ഞു പോയത് പോലെ
ജീവന്റെ അവസാനപരാക്രമ മെന്ന
വിധം
ഞങ്ങൾ പിന്നെയും ഉറക്കെ പാടുന്നു…
നിന്റെ രാജ്യം വരേണം…
മണ്ണിൽ നിന്റെ രാജ്യം വരേണം ❤️

