കാട്ടുപൂക്കളിൽ വണ്ടുകൾ തേൻ തേടി അണയും നേരം
മകരമഞ്ഞിൽ കുളിർ കോരിയെത്തിയമാരുതൻ
നിശയുടെ കാതിൽ നാവൂറ് പാടിയുറക്കവെ
നാഴികയറിയാതൊരു കാട്ടു കോഴി കൂവി ഉണർന്നു മെല്ലെ
മാമുനിമാർ തപംചെയ്ത തപോവന പുളിനങ്ങളിൽ
മദിച്ച് ഉല്ലസിച്ച് മദോന്മത്തനായൊരു കാട്ടു കൊമ്പൻ
നാസികയിൽ പടർന്നൊരു മധുവൂറും കരിമ്പിൻമണം തേടി
ആരണ്യ പ്രാന്തപ്രദേശങ്ങളിൽ അലയവെ
ധരിത്രിയിൽ തീർത്തൊരു വാരിക്കുഴിയിൽ
അറിയാതെ വീണൊരു നാട്ടുജന്മമായി പുനർജ്ജനിച്ചു
കഠോരമാം കാരക്കോലിൻ കരബലത്തിൽ കറുത്ത നിഴൽരൂപത്തിൻ
ആഞ്ജകൾ അനുസരിച്ചും പഠിച്ചും കേമനായി
മർത്യലോകത്തിനലങ്കാരമായി തിടമ്പുകൾ ശിരസ്റ്റിലേറ്റി
ദുരിതപർവ്വത്തിൻ കനമുള്ള കാൽചങ്ങലകൾ കിലുക്കി
മേഘഗർജനംപോലുയരും ചിന്നംവിളികൾ മറന്നു നിശബ്ദമായിതേങ്ങി
ആനച്ചന്തത്തിൽ അത്ഭുതംകൂറി ആർത്തു വിളിക്കും
മാലോകർക്കു മുന്നിൽ കന്മദംമൊഴുകും
കാട്ടു ചോലകളെയോർത്ത്
കരൾ പിളരും നോവുമായി നാട്ടാനയായി നിന്നവൻ
ഉള്ളിലുറങ്ങും കാട്ടുകൊമ്പൻ്റെ സ്മൃതിയിൽ
തുമ്പികൈ വാനിലുയർത്തുന്നു
വീണ്ടുമൊരു ഗജേന്ദ്രമോക്ഷത്തിനായി

By ivayana

Leave a Reply

Your email address will not be published. Required fields are marked *