രചന : മുരളി രാഘവൻ ✍️
വി. എസ്. അച്യുതാനന്ദൻ എന്ന പേര്
ഒരു വ്യക്തിയുടെ പേരിലൊതുങ്ങുന്നതല്ല.
അത് ഒരു സമരചരിത്രമാണ്,
ഒരു ജനകീയ രാഷ്ട്രീയ പാഠപുസ്തകമാണ്,
അധികാരത്തോട് ചോദ്യം ചോദിക്കാൻ
ധൈര്യം നൽകിയ ഒരു കാലഘട്ടമാണ്.
പുന്നപ്ര–വയലാർ സമരത്തിന്റെ തീയിൽ
തന്നെ തന്നെ ഉരുക്കിയെടുത്ത
ആ ധീര വിപ്ലവകാരിയുടെ ജീവിതം
അധഃസ്ഥിതരുടെ പക്ഷത്ത്
നിലകൊള്ളുന്നതിന്റെ
അർത്ഥം എന്തെന്ന് നമ്മെ പഠിപ്പിച്ചു.
തോക്കിന്റെ ബയണറ്റുകൾ കാലുകളിൽ തുളച്ചുകയറിയിട്ടും
പോരാട്ടത്തിന്റെ വഴിയിൽ നിന്നു
ഒരടി പോലും പിന്നോട്ടില്ലാതിരുന്ന
ആ മനസ്സുറപ്പാണ്
വി. എസ്. എന്ന രാഷ്ട്രീയ മനുഷ്യനെ
അദ്വിതീയനാക്കിയത്.
ജയിലറകളിലെ ക്രൂര മർദ്ദനങ്ങൾ,
ദാരിദ്ര്യത്തിന്റെ കനത്ത അനുഭവങ്ങൾ,
രാഷ്ട്രീയത്തിലെ മുന്നേറ്റങ്ങളും
തിരിച്ചടികളും —
എല്ലാം കടന്ന്
അദ്ദേഹം എത്തിച്ചേർന്നത്
ജനങ്ങളുടെ മനസ്സിലേക്കാണ്.
അവിടെയാണ്
വി. എസ്. എന്ന നേതാവിന്റെ
യഥാർത്ഥ അധികാരം.
മുഖ്യമന്ത്രിയായിരിക്കുമ്പോഴും
പ്രതിപക്ഷനേതാവായിരിക്കുമ്പോഴും
ഒരു സാധാരണ തൊഴിലാളിയുടെ
വേദന അദ്ദേഹത്തിന്റെ ശബ്ദത്തിൽ
പ്രതിഫലിച്ചിരുന്നു.
അഴിമതിക്കെതിരെ എടുത്ത
അചഞ്ചലമായ നിലപാടുകൾ,
ഭൂമികയ്യേറ്റങ്ങൾക്കെതിരായ
കർശന ഇടപെടലുകൾ,
പരിസ്ഥിതി സംരക്ഷണത്തെ
മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്
ഉയർത്തിക്കൊണ്ടുവന്ന ധൈര്യം —
ഇവയൊക്കെയാണ്
വി. എസ്. നെ
ജനകീയനായ നേതാവാക്കി മാറ്റിയത്.
ജീവിച്ചിരിക്കുമ്പോൾ
അർഹിച്ച എല്ലാ ആദരവുകളും
അദ്ദേഹത്തിന് ലഭിച്ചില്ല എന്ന
വേദന പലർക്കുമുണ്ട്.
എന്നാൽ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്,
പദവികളല്ല
ഒരു നേതാവിനെ
മഹാനാക്കുന്നത് എന്ന് തന്നെയാണ്.
ജനങ്ങളുടെ ഹൃദയത്തിൽ
അമരനാകാൻ കഴിയുന്നവർക്ക്
ഏത് അവാർഡിനേക്കാളും
വലിയ ബഹുമതി അതാണ്.
ഇന്ന് സഖാവ് വി. എസ്.
ശാരീരികമായി നമ്മോടൊപ്പമില്ല.
എന്നാൽ അദ്ദേഹത്തിന്റെ
നിലപാടുകളും ആശയങ്ങളും
സമരവഴികളും
ഇനിയും ജീവിക്കും.
അവ ഓരോന്നും
പുതിയ തലമുറയ്ക്ക്
നേരെ കൈചൂണ്ടി പറയും —
“പോരാടൂ,
ചോദ്യം ചെയ്യൂ,
ജനങ്ങളുടെ പക്ഷത്ത്
നിലകൊള്ളൂ.”
കണ്ണേ കരളേ വി. എസ്…
നീ നടന്ന വഴികൾ
നമ്മുടെ വഴികാട്ടികളാണ്.
നിന്റെ ജീവിതം
ഒരു രാഷ്ട്രീയ പാഠമാണ്.
സഖാവേ.
ഓർമ്മയിൽ അല്ല —
സമരങ്ങളിൽ നീ തുടരും.
നിഷേധിക്കപ്പെട്ട ചരിത്രം
വായിക്കപ്പെടും,

