(അന്ന്)
പുഴയുടെ പാട്ടൊന്നു കേട്ടുനോക്കൂ
തിരയുടെ കോറസ് പാടിനോക്കൂ
കരയുടെ വേദന ഓർത്തുനോക്കൂ
പുണരാൻ കഴിയാതെ ഓളങ്ങൾ നോക്കൂ…
പുഴയോടൊപ്പം ഒന്ന് ഓടിനോക്കൂ
പുഴ കിതയ്ക്കുന്നുണ്ടോ ശ്രവിച്ചുനോക്കൂ
പാറക്കെട്ടെത്തുമ്പോൾ ചിരിയും നോക്കൂ
താഴോട്ട് ചാടുന്ന ചാട്ടം നോക്കൂ….
പുഴയുടെ ശാന്തമാം ഭാവം നോക്കൂ
ആരും കൊതിക്കുന്ന ലാസ്യം നോക്കൂ
പുഴയുടെ ശ്രൃംഗാര മുദ്രകൾ നോക്കൂ
പുഴ അനുരാഗിയാവുന്നതോർത്തു നോക്കൂ..
പുഴയുടെ പാട്ടൊന്നു കേട്ടുനോക്കൂ
മാറിലെ കുളിരൊന്നണിഞ്ഞു നോക്കൂ
പുഴ പുണരുമ്പോൾ നെഞ്ചിടിപ്പ് നോക്കൂ
പുഴ തരും നിർവൃതി അറിഞ്ഞു നോക്കൂ…
പുഴ പരന്നൊഴുകുന്ന കാഴ്ച നോക്കു
പുഴയുടെ കൊലുസിന്റെ നാദം കേൾക്കൂ
പുഴ തേടിപ്പോകുന്നതാരെ നോക്കൂ
പുഴയുടെ മൊഴികളിൽ കേട്ടു നോക്കൂ….
(ഇന്ന്)
പുഴയുടെ കണ്ണീരിൻ പാട്ടു കേൾക്കൂ
പുഴ മെലിഞ്ഞു പോയി വന്നു നോക്കൂ
പുഴ കവർന്നുണ്ടായ സൗധങ്ങൾ നോക്കൂ
പുഴയുടെ ഗദ്ഗദം കേട്ടു നോക്കൂ…
പുഴയിലേക്കെറിയുന്ന മാലിന്യങ്ങൾ നോക്കൂ
പുഴ ശ്വസിക്കുന്ന മലിനവായു നോക്കൂ
പുഴയിലെ മണൽ പോയപോക്കു നോക്കൂ
പുഴ കരയുന്നൊരാ തേങ്ങൽ കേൾക്കൂ
പുഴയുടെ പാട്ട് നിലച്ചു പോയി
പുഴയുടെ പ്രാണൻ നശിച്ചു പോയി
പുഴയെയിന്നാർക്കും വേണ്ടാതെയായി
പുഴയുടെ വിലാപം കേൾക്കാതെയായി
പുഴയുടെ പാട്ടിന്നു കേട്ടുനോക്കൂ
വരികൾ പിഴക്കുന്ന പാട്ടു കേൾക്കൂ
കരൾ പിടയും വേദന കണ്ടുനോക്കൂ
പാട്ടു നിലയ്ക്കും മുമ്പൊന്നു കേട്ടുനോക്കൂ…
പുഴയുടെ പാട്ട് നിലയ്ക്കും മുൻപേ
പുഴയുടെ ശ്വാസം മരിക്കും മുമ്പേ
ഒരു തുള്ളി വെള്ളം കൊടുത്തു നോക്കൂ
ഒരു പുണ്യമെങ്കിലും ചെയ്തു നോക്കൂ.

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *