രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
കളിമണ്ണുകൊണ്ടൊരു
പ്രതിമയുണ്ടാക്കി ഞാൻ
ഒഴിവുള്ളോരിടവേളയിൽ…..
അറിയാത്തൊരാളിന്റെ
മുഖഭാവമതിനേകി
പരിചയം ഭാവിച്ചു ഞാൻ……
(കളിമണ്ണുകൊണ്ടൊരു…….)
പരിചയമില്ലാത്ത
ജീവിത വീഥിയിൽ
വഴികൾ തിരയുന്നപോൽ…..
കളിമണ്ണുകൊണ്ടുള്ള
പ്രതിമയ്ക്കു വെറുതെ ഞാൻ
കൂട്ടിരുന്നിടവേളയിൽ…..
(കളിമണ്ണുകൊണ്ടൊരു…….)
ഒരുനാളിരുണ്ടു
വെളുത്തപ്പോഴേക്കുമാ
പ്രതിമയ്ക്കു പറയുവാൻ
കഥയുണ്ടുപോൽ……,
കഥകേട്ടു കണ്ണീരണിഞ്ഞു
ഞാനെങ്കിലും
കഥയിലെ നായകൻ
ഞാൻതന്നെയോ,…..!!
(കളിമണ്ണുകൊണ്ടൊരു…….)
