രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️
രാമേട്ടൻ പാട്ടുപാടിക്കളിക്കും………
രാമേട്ടൻ സ്വയം മനസ്സിൽ രചിക്കുന്ന
നാടൻ പാട്ട്….
“മുക്കിലും മൂലക്കും ക്ലബുകളായീ…
മുക്കാലും ജീവിതം കൊള്ളികൊണ്ടായീ…..
കുട്ട്യോളേം മക്കളേം രക്ഷിക്കും കൊള്ളീ….
ഗോതമ്പു ദോശയെ…… വെട്ടിയ്ക്കും പുള്ളീ…”
പാടിത്തീർക്കുമ്പോൾ….
രാമേട്ടൻ കിതക്കുന്നുണ്ടാവും……
കറുത്തുമെലിഞ്ഞ് അൽപ്പം വളഞ്ഞ മനുഷ്യൻ…..
നാട്ടിലെ പൂരക്കാലത്താണ്
രാമേട്ടൻ പാട്ടും താളവുമായി വീടുകളിൽ വരാറ്……
അന്നേ…. അറുപത്തഞ്ചു കഴിഞ്ഞുകാണും.
മുട്ടിനു തൊട്ടുതാഴെ നിൽക്കുന്ന മുണ്ടും തോളിൽ തോർത്തുമുണ്ടും…..
അൽപ്പം നീട്ടിവളർത്തിയ മുടിയും…..
നെറ്റിയിലും അരയിലും ചുവന്ന പട്ടുകൊണ്ടൊരു കെട്ടും…..
കൂടെ ഒരു കുട്ടിയെ ചായംതേപ്പിച്ച് വേഷം കെട്ടിച്ച് കൊണ്ടുനടക്കും…..
“രാമേട്ടാ….കളിക്ക്യല്ലേ…..”
“പണ്ടത്തെന്തി വയ്യ……വയസ്സായി……”
ഇടംകൈയ്യ്
ചെവിക്കുമുകളിൽ തൂങ്ങിക്കിടക്കുന്ന മുടിയിൽ കോർത്ത്
പുറകോട്ടാക്കും
വലതുകാൽ മുന്നോട്ടു വച്ച്
ഇടതുകാൽ പൊക്കിച്ചവിട്ടി
വലതു കയ്യിലെ വിരലുകൾക്കിടയിൽ
തുടി കൊട്ടി
താളത്തിനൊത്ത്
കളിതുടങ്ങും………
“രാമേട്ടാ….പുത്യേ പാട്ടൊന്നും ല്ല്യേ….”
“ഇപ്പഴത്തെ കാര്യങ്ങള്…… ഞാൻപാട്യ….തല്ല് കിട്ടും….”
കറുത്ത് മെലിഞ്ഞ രാമേട്ടൻ…..,
നാല് ചുവട് വെച്ച് നിർത്തും….
കളിച്ചെന്നു വരുത്താൻ….. ഒരു കളി….
നാലുവരിപ്പാട്ടും….
“പഴേ ഷർട്ടും മുണ്ടും ണ്ടെങേ….തരും….”
രാമേട്ടൻ ചോദിക്കും…
“കീറീതായാലും…മതി….ഇപ്പൊന്നും തരാറില്ല്യാ….”
രാമേട്ടന്റെ സ്ഥിരം പല്ലവി….
അവിടവിടെ നിൽക്കുന്ന
കറുപ്പ് കേറിയ പല്ല് കൾ കാട്ടി
രാമേട്ടൻ ചിരിക്കും….
“കുട്ട്യേതാ….രാമേട്ടാ….”
“മകളടെ കൂട്ട്യാ…..ഒറ്റക്ക് വയ്യ…..
മകള്ക്ക് മൂന്ന് കുട്ട്യോളാ…..
മകളും കുട്ട്യോളും ന്റൊപ്പാ….
മര്വോൻ……നാട് വിട്ടു….”
രാമേട്ടൻ കാശുകൊടുത്താലും പോവില്ല….
പഴയ തുണിയുംകൂടി വേണം…..
പിന്നീട്….പൂരക്കാലത്ത്,രാമേട്ടൻ വരാതായി….
പാവം…..
രാമേട്ടൻ…..പ്രപഞ്ചത്തിൽ ലയിച്ചുകാണും….
രാമേട്ടന്റെ, നാടൻ കളിയും പാട്ടും, രാമേട്ടനൊപ്പം അവസാനിച്ചുകാണും….
അമ്പലങ്ങളിലെ ഉത്സവക്കാലങ്ങളിൽ,
ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതുകൊണ്ട്,
ദൈവത്തെ ഓർമ്മവന്നില്ലെങ്കിലും,
രാമേട്ടനെ ഓർമ്മവരും…..
“കുട്ട്യോളേം,മക്കളേം…..
രക്ഷിക്കും കൊള്ളി…….
ഗോതമ്പുദോശയെ…….
വെട്ടിക്കും പുള്ളി……….”
എന്ന വരികളും……
